
ന്യൂഡല്‍ഹി: ഇന്ത്യ ചെറുകിട ആയുധങ്ങളുടെ നിര്‍മ്മാണത്തില്‍ സ്വാശ്രയത്വം കൈവരിക്കണമെന്ന് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് മേധാവി വൈസ് അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ വ്യാഴാഴ്ച പറഞ്ഞു. ഇന്ത്യയുടെ അടിയന്തിര ഡിഫന്‍സ് ആവശ്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെങ്കിലും ചെറുകിട ആയുധ നിര്‍മ്മാണത്തില്‍ ഇന്ത്യ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഉല്‍പ്പാദനം സ്വകാര്യ കമ്പനികളുമായി കൂടുതല്‍ മത്സരാധിഷ്ഠിതമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിരോധ സംഭരണ പ്രക്രിയയില്‍ ഇപ്പോള്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ കമ്പനികളുമായി പങ്കാളികളാകാന്‍ ഒഇഎമ്മുകള്‍ക്ക് (ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്ക്) അവസരമൊരുക്കുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നിലവിലുള്ള അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇറക്കുമതി നടക്കുന്നുണ്ടെങ്കിലും, ഈ മേഖലയിലെ സ്വാശ്രയത്വം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ആവശ്യമാണ്. അടിസ്ഥാന-ചെറുകിട ആയുധങ്ങള്‍ ഇവിടെ നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ് എന്നും ചെറുകിട ആയുധങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ട് കുമാര്‍ പറഞ്ഞു.
ചെറുകിട ആയുധശേഖരം നവീകരിക്കുന്നതിനായി ഡിആര്‍ഡിഒ (പ്രതിരോധ ഗവേഷണ വികസന സംഘടന), എആര്‍ഡിഇ (ആയുധ ഗവേഷണ വികസന സ്ഥാപനം) വികസിപ്പിച്ചെടുത്ത വെടിക്കോപ്പ് ഉപയോഗിച്ച് ഒരു പുതിയ ആക്രമണ റൈഫിളും വികസിപ്പിക്കുന്നുണ്ട്. ഇത് ഉടന്‍ പരീക്ഷണത്തിന് തയ്യാറാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍നിര സൈനികര്‍ക്കായി ആക്രമണ റൈഫിള്‍ വാങ്ങുന്നതിനുള്ള ശ്രമം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. അതേസമയം, അമേതിയില്‍ 6.7 ലക്ഷം എകെ -203 റൈഫിളുകള്‍ ഉത്പാദിപ്പിക്കുന്ന റഷ്യയുമായുള്ള സംയുക്ത സംരംഭം വളരെ പ്രധാനപ്പെട്ട ഒരു വികസനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുന്‍നിര സൈനികര്‍ക്ക് സമകാലിക ആയുധങ്ങള്‍ നല്‍കാനുള്ള ഈ അടിസ്ഥാന സൈനിക ശേഷിയില്‍ നാം സ്വാശ്രയത്വം നേടേണ്ടതുണ്ട്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി വ്യക്തമാക്കിയ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിനായി ഇത് നടപ്പാക്കേണ്ടതുണ്ടെന്നും കുമാര്‍ പറഞ്ഞു.