
മുംബൈ: വെള്ളിയാഴ്ച മോര്‍ണിംഗ് സെഷനില്‍ ഇന്ത്യന്‍ വിപണികളില്‍ വ്യാപാര മുന്നേറ്റം. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പുതിയ റെക്കോര്‍ഡ് ഉയരത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെന്‍സെക്‌സ് 250 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 52,550 ലെത്തി. നിഫ്റ്റി 50 സൂചിക 15,800 മാര്‍ക്കിലേക്ക് എത്തി. പവര്‍ഗ്രിഡ് (2% ഉയര്‍ന്നു) സെന്‍സെക്‌സ് നേട്ടക്കാരില്‍ ഒന്നാമതെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഒഎന്‍ജിസി ട്രേഡിംഗും ഒരു ശതമാനം വീതം നേട്ടത്തിലാണ്.
നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍ സൂചികകളും ഒരു ശതമാനത്തിലധികം ഉയര്‍ന്നു. വിശാലമായ വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 0.6 ശതമാനവും 0.8 ശതമാനവും വ്യാപാര നേട്ടത്തിലാണ്. ബിഇഎംഎല്‍, ബിഎച്ച്ഇഎല്‍, സിജി പവര്‍, കൊച്ചി ഷിപ്പ്‌യാര്‍ഡ്, ഡിഎല്‍എഫ്, സണ്‍ ടിവി എന്നിവയുള്‍പ്പെടെ 57 കമ്പനികള്‍ മാര്‍ച്ച് പാദ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.
ഓഹരി സൂചികകള്‍ എക്കാലത്തെയും പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ്ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 231.52 ലക്ഷം കോടിയായി ഉയര്‍ന്നു. രാവിലത്തെ വ്യാപാരത്തില്‍ മാത്രം നിക്ഷേപകരുടെ ആസ്തിയില്‍ 1.29 ലക്ഷംകോടി രൂപയുടെ വര്‍ധനവാണുണ്ടായത്. സെന്‍സെക്സ് 278 പോയിന്റ് നേട്ടത്തില്‍ 52,578ലും നിഫ്റ്റി 98 പോയിന്റ് ഉയര്‍ന്ന് 15,835ലുമെത്തിയപ്പോഴാണ് ഈ നേട്ടം നിക്ഷേപകര്‍ക്ക് സ്വന്തമാക്കാനായത്.
ധനമന്ത്രി നിര്‍മല സീതാരാമന്റെ മൂന്നാമത് ബജറ്റ് അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തില്‍ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി. സെന്‍സെക്സില്‍ ഈ വര്‍ഷം മാത്രമുണ്ടായ നേട്ടം 10.09 ശതമാനമാണ്. സൂചിക 4,816 പോയ്ന്റ് ഉയര്‍ന്നു. ഒരു വര്‍ഷത്തെ നേട്ടമാകട്ടെ 56.75 ശതമാനവുമാണ്. 2020 മാര്‍ച്ച് 23ല്‍ 26,597 നിലവാരത്തിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 7,610ലുമായിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ സെന്‍സെക്സ് 26,597 പോയിന്റും നിഫ്റ്റി 8,225 പോയിന്റും നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് മാര്‍ച്ച് 23ന് സെന്‍സെക്സും നിഫ്റ്റിയും തകര്‍ച്ച നേരിട്ടത്.