
ഇന്ത്യന്‍ ഓഹരി വിപണി കടുത്ത ആശങ്കയിലായിരുന്നു ഇന്നലെ. ഐടി ഓഹരികളില്‍ വ്യാപകമായ ലാഭമെടുപ്പുണ്ടായപ്പോള്‍ സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ പതറി. ഒരുഭാഗത്ത് വാഹന, ലോഹ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്‍ഡ് ഉയരുന്നത് കണ്ടെങ്കിലും വിപണിയുടെ വീഴ്ച്ച തടുക്കാന്‍ ഇവര്‍ക്കായില്ല. ഇതോടെ കഴിഞ്ഞ 10 ദിവസത്തെ സ്വപ്ന കുതിപ്പിന് തിരശ്ശീല വീണു. 3.3 ലക്ഷം കോടി രൂപയാണ് ഇന്നലത്തെ തകര്‍ച്ചയില്‍ ഓഹരിയുടമകള്‍ക്ക് നഷ്ടം സംഭവിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പേരുചേര്‍ത്ത കമ്പനികളുടെ മൊത്തം മൂല്യം 157.22 ലക്ഷം കോടി രൂപയായി ചുരുങ്ങി.
വരും ദിവസങ്ങളിലും സെന്‍സെക്സ്, നിഫ്റ്റി ചാഞ്ചാടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ VIX സൂചിക 9 ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍ തുടരുന്നത്. വ്യാഴാഴ്ച്ച രാവിലത്തെ ഇന്‍ട്രാ ഡേ കച്ചവടത്തില്‍ വ്യക്തമായ ദിശാബോധം നിഫ്റ്റിക്കില്ലായിരുന്നു. പൊതുവേ 12,030 - 12,040 നിലവാരത്തിന് മുകളില്‍ കടന്നാലാണ് ഇന്‍ട്രാ ഡേ കച്ചവടം നേട്ടം തൊടാറ്; 11,800 -ന് താഴെ പോയാല്‍ നഷ്ടവും സംഭവിക്കും.
ആദ്യ രണ്ടു സെഷനുകളും അനിശ്ചിതത്വത്തിലാണ് നിഫ്റ്റി പിന്നിട്ടത്. (12,023 11,898). മൂന്നാം സെഷനില്‍ നിഫ്റ്റിയുടെ തകര്‍ച്ച കൂടുതല്‍ വെളിവായി (11,663). സെന്‍സെക്സിന്റെ ചിത്രവും മറ്റൊന്നല്ല. 40,778 പോയിന്റ് എന്ന നിലയ്ക്ക് വ്യാപാരം തുടങ്ങിയ സെന്‍സെക്സ് വൈകുന്നേരം കച്ചവടം മതിയാക്കുമ്പോള്‍ 291 പോയിന്റ് ഇടിഞ്ഞ് 39,728 എന്ന നിലയിലെത്തി. എന്തായാലും ടാറ്റ സ്റ്റീലാണ് വ്യാഴാഴ്ച്ച നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയത് (നിഫ്റ്റി). കമ്പനിയുടെ ഓഹരികള്‍ 2.33 ശതമാനം നേട്ടം കുറിച്ചു.
ബിപിസിഎല്‍, ഒഎന്‍ജിസി, യുപിഎല്‍, എന്‍ടിപിസി, ഇന്ത്യന്‍ ഓയില്‍, അദാനി പോര്‍ട്ട്സ്, ഏഷ്യന്‍ പെയിന്റ്സ് എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍. എച്ച്സിഎല്‍ ടെക്കിനാണ് ഏറ്റവും നഷ്ടം സംഭവിച്ചത് (3.84 ശതമാനം). ടെക്ക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ്, ടിസിഎസ്, ഐടിസി തുടങ്ങിയവരും നഷ്ടം നേരിട്ടു. വിശാല വിപണി സൂചികകള്‍ പരിശോധിച്ചാല്‍ നിഫ്റ്റി സ്മോള്‍ക്യാപ് 0.38 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 0.41 ശതമാനവും വീണത് കാണാം.
ഇതേസമയം അശോക് ലെയ്ലാന്‍ഡ്, ഭാരത് ഫോര്‍ജ്, ടാറ്റ പവര്‍, അലോക് ഇന്‍ഡസ്ട്രീസ്, ടാറ്റ എല്‍ക്സി, സെഞ്ച്വറി ടെക്സ്റ്റൈല്‍സ് എന്നീ കമ്പനികള്‍ ഈ നിരയില്‍ നേട്ടം കൊയ്തു. മറുഭാഗത്ത് ലെമണ്‍ ട്രീ ഹോട്ടല്‍സ്, തൈറോകെയര്‍, പിഎന്‍ബി ഹൗസിങ് ഫൈനാന്‍സ്, വൊഡഫോണ്‍ ഐഡിയ, ട്രെന്‍ഡ്, ബാറ്റ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ വില്‍പ്പന സമ്മര്‍ദ്ദവും നേരിട്ടു. ഈ അവസരത്തില്‍ ഇന്ത്യന്‍ സൂചികകളുടെ തകര്‍ച്ചയ്ക്ക് വഴിതെളിച്ച ചില പ്രധാന കാരണങ്ങള്‍ ചുവടെ അറിയാം.
കൊറോണ ഭീതി മൂലം സമ്പദ്ഘടനയ്ക്കേറ്റ ക്ഷീണം കുറയ്ക്കാന്‍ രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അമേരിക്ക മുന്‍കയ്യടുക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുചിന്‍ കഴിഞ്ഞദിവസം പ്രതികരിച്ചു. നവംബര്‍ 3 -ന് നിശ്ചയിച്ച വോട്ടെടുപ്പിന് മുന്‍പ് രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുക സാധ്യമല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. ഇതോടെ വാള്‍ സ്ട്രീറ്റും മറ്റു ആഗോള ഓഹരി വിപണികളും പുലര്‍ത്തിയ പ്രതീക്ഷ അസ്ഥാനത്തായി.
ബീജിങ്ങും വാഷിങ്ടണും തമ്മിലെ തര്‍ക്കവും വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമാണ്. ചൈനയുടെ ആന്റ് ഗ്രൂപ്പിനെ വ്യാപാരക്കരാറില്‍ കരിമ്പട്ടികയില്‍ ചേര്‍ക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ട്രംപ് ഭരണകൂടത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ചൈനീസ് ഭീമന്മാരായ അലിബാബയുടെ ടെക്നോളജി കമ്പനിയാണ് ആന്റ് ഗ്രൂപ്പ്. പൊതുമേഖലാ വില്‍പ്പനയ്ക്ക് ആന്റ് ഗ്രൂപ്പ് തയ്യാറെടുക്കവെയാണ് അമേരിക്കയുടെ പുതിയ നീക്കം.
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു ലോക്ക്ഡൗണിനെ കുറിച്ച് സര്‍ക്കാരുകള്‍ ആലോചിച്ചുതുടങ്ങുമെന്ന ഭീതി നിക്ഷേപകര്‍ക്കുണ്ട്. ഈ ആശങ്ക വിപണിയില്‍ വ്യാപകമായ ലാഭമെടുപ്പിന് കാരണമാകുന്നു. നിലവില്‍ വിദ്യാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും വീണ്ടും അടയ്ക്കാന്‍ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.