
കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥയുടെയും,ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുകയാണ്. മാത്രമല്ല ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞനിരക്കിലാണുള്ളത്. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് എണ്ണ വിപണിയില്‍ രേഖെൈപ്പടുത്തുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 31 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയ്ക്ക് പുറത്തേക്ക് കോവിഡ് 19 പടര്‍ന്നതോടെയാണ് ലോക സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണത്. ഇന്ത്യയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,419.09 താഴ്ന്ന് അതായത് 3.78 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 36,157.53 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 406 പോയിന്റ് താഴ്ന്ന് ഏകദേശം 3.7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 10,583.30 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. നിക്ഷേപകര്‍ക്ക് ആകെ 4.10 ലക്ഷം കോടി രൂപയോളം നഷ്ടം വരികയും ബിഎസ്ഇയിലെ വിപണി മൂലധനം 139.53 ലക്ഷം കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റ ഓഹരികളില്‍ 5.33 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി ഓഹരി വില 1,202 രൂപയിലേക്ക് ചുരുങ്ങി. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ 10 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം യെസ് ബാങ്കിന്റെ ഓഹരികളില്‍ ഇരുപത് ശതമാനം വരെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബാങ്കിന്റെ ഓഹരി വില 17.40 രൂപയായി ഉയരുകയും ചെയ്തു.
എണ്ണ വിപണി ഏറ്റവും വലിയ തകര്‍ച്ചയില്‍
കോവഡ്-19 ആഗോളതലത്തില്‍ പടര്‍ന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. കൊറോണ വൈറസ് എണ്ണ വിപണിയുടെ നടുവൊടിച്ചുവെന്ന് പറയാം. വിപണിയിലെ ആവശ്യകതയിലുള്ള കുറവ്, യാത്രാ വിലക്കുകള്‍ ശക്തമാക്കിയതും മൂലം സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വെട്ടിക്കുറച്ചു. റഷ്യയുമായി വിലയുദ്ധത്തിലേര്‍പ്പെട്ടുക്കൊണ്ടാണ് സൗദി ക്രൂഡ് ഓയില്‍ വില കുറച്ചത്. 1991-ലെ ഗള്‍ഫ് യുദ്ധ ഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
ക്രൂഡ് ഓയില്‍ വില ബാരലിന് 14.25 ഡോളര്‍ ഇടിഞ്ഞ് 31.02 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ.
കൊറോണ വൈറസ് ആഗോള വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വില വെട്ടിക്കുറക്കാനുള്ള നടപടിയെ ഒപെക് രാജ്യങ്ങള്‍ പിന്തുണച്ചു. ഒപെകും റഷ്യയും തമ്മിലുള്ള നിലവിലെ വിതരണ കരാര്‍ മാര്‍ച്ച് അവസാനത്തോടെ കഴിയും. ഇതിന് ശേഷം ഏപ്രിലില്‍ പ്രതിദിനം 10 ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് ഉത്പാദനം ഉയര്‍ത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നത്.