
വെള്ളിയാഴ്ച്ച റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം വരാനിരിക്കെ ഇന്ത്യന്‍ ഓഹരി വിപണി പുത്തനുണര്‍വോടെ വ്യാപാരം ആരംഭിച്ചു. ഇന്ത്യന്‍ സൂചികകള്‍ അരശതമാനം വീതം നേട്ടം കുറിച്ചാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. നിഫ്റ്റി ഫിഫ്റ്റി സൂചിക ചരിത്രത്തില്‍ ആദ്യമായി 15,000 എന്ന നാഴികക്കല്ല് തൊട്ടു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 350 പോയിന്റ് വര്‍ധിച്ച് 50,970 എന്ന നിലയ്ക്കാണ് വ്യാപാരയിടപാടുകള്‍ ആരംഭിച്ചത്. എന്‍എസ്ഇ നിഫ്റ്റി സൂചികയാകട്ടെ, 92 പോയിന്റ് മുന്നേറി 14,987 എന്ന നിലയ്ക്കും ചുവടുവെച്ചു.
ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം മുന്‍നിര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച്ച വന്‍ കുതിപ്പ് കാഴ്ച്ചവെക്കുന്നത് കാണാം. രാവിലെത്തന്നെ എസ്ബിഐ ഓഹരികള്‍ 15 ശതമാനത്തോളം നേട്ടം കയ്യടക്കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (4 ശതമാനം നേട്ടം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (1 ശതമാനം നേട്ടം), എച്ച്ഡിഎഫ്സി ബാങ്ക് (1 ശതമാനം നേട്ടം) എന്നിവരും ഇന്ത്യന്‍ സൂചികകളുടെ മുന്നേറ്റത്തിന് അടിത്തറ പാകുന്നുണ്ട്.
ഇതേസമയം, നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രാകെം, ഡോ റെഡ്ഢീസ് ലാബ്സ്, ഐടിസി കമ്പനികള്‍ പേരുചേര്‍ത്തു. 1.63 ശതമാനം വരെ തകര്‍ച്ച ഈ കമ്പനികളുടെ ഓഹരികള്‍ നിലവില്‍ നേരിടുന്നുണ്ട്.
വെള്ളിയാഴ്ച്ച നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 3 ശതമാനം നേട്ടത്തോടെ എക്കാലത്തേയും ഉയര്‍ന്ന ദിവസവ്യാപാരനില കുറിച്ചു. വെള്ളിയാഴ്ച്ച 127 കമ്പനികള്‍ ഡിസംബര്‍ പാദ ഫലം പുറത്തുവിടാനിരിക്കുകയാണ്. ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പഞ്ചാബ് നാഷണല്‍ ബാങ്ക്, മിസിസ് ബെക്ടേഴ്സ് ഫൂഡ്, ഫോര്‍ടിസ് ഹെല്‍ത്ത്കെയര്‍, ഫൈസര്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇതില്‍പ്പെടും.
റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി പ്രഖ്യാപിക്കാനിരിക്കുന്ന തീരുമാനങ്ങളിലേക്കും വിപണി ഉറ്റുനോക്കുന്നുണ്ട്. നിലവിലെ പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഭേദഗതി വരുത്തില്ലെന്നാണ് പൊതുവിലയിരുത്തല്‍. കേന്ദ്ര ബജറ്റിന് ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ ധനനയ സമിതി യോഗമാണ് കഴിഞ്ഞ രണ്ടു ദിസവമായി നടന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നയിക്കുന്ന ആറംഗ ധനനയ സമിതി, മൂന്നു ദിവസത്തെ യോഗത്തിന് ശേഷം ഇന്ന് നിര്‍ണായക നയപ്രഖ്യാപനങ്ങള്‍ നടത്തും.