
മുംബൈ: മാര്‍ച്ച് 31-ന് അവസാനിക്കുന്ന 2020-'21 സാമ്പത്തിക വര്‍ഷം ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ ഉണ്ടായത് 66 ശതമാനം മുന്നേറ്റം. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തുടക്കത്തിലുണ്ടായ വന്‍ ഇടിവില്‍നിന്ന് കരകയറിയെന്നുമാത്രമല്ല, പലവട്ടം പുതിയ ഉയരം കുറിക്കുന്നതിനും 2020-'21 സാമ്പത്തിക വര്‍ഷം സാക്ഷിയായി. വെല്ലുവിളി ഏറ്റെടുത്ത് നിക്ഷേപവുമായി ഇറങ്ങിയവര്‍ക്ക് മികച്ചനേട്ടമാണ് കടന്നുപോകുന്ന സാമ്പത്തിക വര്‍ഷം സമ്മാനിച്ചത്.
കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതിനെത്തുടര്‍ന്ന് 2020 മാര്‍ച്ചില്‍ സെന്‍സെക്‌സ് 25,000 പോയന്റ് നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഏകദേശം 23 ശതമാനത്തിലധികം ഇടിവാണ് 2020 മാര്‍ച്ചിലുണ്ടായത്. 2020-'21 സാമ്പത്തികവര്‍ഷം ഏപ്രില്‍ മൂന്നിന് രേഖപ്പെടുത്തിയ 27,500.79 പോയന്റാണ് 2021 സാമ്പത്തിക വര്‍ഷത്തെ സെന്‍സെക്‌സിലെ ഏറ്റവും താഴ്ന്നനിരക്ക്. ഒരുവര്‍ഷംകൊണ്ട് കുതിച്ചുകയറിയ സൂചിക 19,540.01 പോയന്റിന്റെ നേട്ടമാണുണ്ടാക്കിയത്. അതായത് 66.30 ശതമാനം വര്‍ധന. കോവിഡ് വ്യാപനം കുറയുകയും ഘട്ടംഘട്ടമായി ലോക്ഡൗണില്‍ ഇളവനുവദിക്കുകയും ചെയ്തതോടെ സൂചികകള്‍ തിരിച്ചുകയറി. വാക്‌സിന്‍ കണ്ടെത്തി പരീക്ഷണഘട്ടത്തിലേക്കുകടന്ന നവംബറിനുശേഷമാണ് കാര്യമായ മുന്നേറ്റമുണ്ടായത്. ആഗോള വിപണിയിലും സമാനമായ രീതിതന്നെയായിരുന്നു.
സാമ്പത്തികരംഗത്തെ ഉണര്‍ത്താനായി വിവിധ കേന്ദ്രബാങ്കുകളുടെയും സര്‍ക്കാരുകളുടെയും വിപണിയില്‍ പണലഭ്യത ഉറപ്പാക്കിയുള്ള നയങ്ങളും വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപകസ്ഥാപനങ്ങളില്‍നിന്ന് ഓഹരികളിലേക്കുള്ള നിക്ഷേപ ഒഴുക്കിനാണ് ഇത് വഴിതുറന്നത്. ധനക്കമ്മി നോക്കാതെ പശ്ചാത്തല സൗകര്യവികസനത്തിനടക്കം പണം ചെലവിടാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച കേന്ദ്രബജറ്റുകൂടി എത്തിയതോടെ സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കുറിച്ചു. സെന്‍സെക്‌സ് 2021 ഫെബ്രുവരി 16-ന് റെക്കോഡ് നിലവാരമായ 52,516.76 പോയന്റുവരെയെത്തി. ഈസാമ്പത്തികവര്‍ഷത്തില്‍ വിപണി പലവട്ടം പുതിയ ഉയരം കുറിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ആദ്യമായി സെന്‍സെക്‌സ് 50,000 പോയന്റ് കടന്നത്. ഫെബ്രുവരി എട്ടിനിത് 51,000-ലും ഫെബ്രുവരി 15 -ന് 52,000- ലുമെത്തി.