
സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യത്തിന് ഇന്ത്യയില്‍ വിലക്ക്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററിന്റെ ഉത്തരവ് പ്രകാരമാണ്. ജിഎസ്‌കെ ഹെല്‍ത്ത്‌കെയറിന്റെ ബ്രാന്റായ സെന്‍സോഡൈന്‍ ഇറക്കുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ രാജ്യത്ത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് പറയുന്നു. നിയമലംഘനത്തിന്റെ പേരിലാണ് ഉത്തരവ് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെതിരെയും സിസിപിഎ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപാര മര്യാദകള്‍ ലംഘിച്ചതിനും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും 10 ലക്ഷം പിഴയാണ് നാപോടോളിന് സിസിപിഎ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി 27നാണ് ജിഎസ്‌കെ ഹെല്‍ത്ത്‌കെയറിന്റെ ബ്രാന്റായ സെന്‍സോഡൈനെതിരെ വിധി പുറപ്പെടുവിച്ചത്. നാപ്‌ടോളിനെതിരായ വിധി ഫെബ്രുവരി 2നാണ് വന്നത് എന്ന് കേന്ദ്ര ഉപഭോക്തകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയ്ക്ക് പുറത്ത് സേവനം എടുക്കുന്ന ഡെന്റിസ്റ്റുകള്‍ പരസ്യത്തില്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഓഡര്‍ ഇട്ട് ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവ് പറയുന്നത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമായതിനാലാണ് പരസ്യം തടഞ്ഞ ഉത്തരവ് എന്നാണ് ഉത്തരവില്‍ പറയുന്നത്. ഒപ്പം തന്നെ ലോകമെങ്ങുമുള്ള ഡെന്റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്റ്, ശാസ്ത്രീയമായി പരിഹാരമുണ്ടാകും എന്ന് നിര്‍ദേശിക്കപ്പെട്ടത്, 60 സെക്കന്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു, തുടങ്ങിയ സെന്‍സൊഡൈന്‍ പരസ്യത്തിലെ അവകാശവാദങ്ങള്‍ പരിശോധിച്ച് 15 ദിവസത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഉത്തരവ് ലഭിച്ചെന്നും വിശദമായി പഠിച്ച ശേഷം മറ്റ് നിയമ നടപടികള്‍ അടക്കം എടുക്കുമെന്നുമാണ് സെന്‍സൊഡൈന്‍ ബ്രാന്റ് ഉടമകളായ ജിഎസ്‌കെ ഹെല്‍ത്ത് കെയര്‍ പ്രതികരിച്ചത്. എന്നും ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് കമ്പനി നിലകൊണ്ടത് എന്നും ജിഎസ്‌കെ ഹെല്‍ത്ത് കെയര്‍ പ്രതികരിച്ചു. അതേസമയം നാപ്‌ടോളിനെതിരായ കേസും സ്വമേധയാ സിസിപിഎ എടുത്തതാണ്. 'രണ്ട് സെറ്റ് സ്വര്‍ണ്ണാഭരണം', 'മാഗ്‌നറ്റിക് കീ സപ്പോര്‍ട്ട്, അക്വപ്രഷര്‍ യോഗ സ്ലിപ്പര്‍ എന്നീ അവകാശവാദങ്ങള്‍ക്കെതിരെയാണ് കേസ്.