
മുംബൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഷീല്‍ഡിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സിഡിഎസ്‌സിഒയ്ക്കാണ് ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്. സെറം സിഇഒ ആയ ആധാര്‍ പുനാവാലയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണം 1.25 ബില്യണ്‍ ഡോസുകള്‍ കവിഞ്ഞു. സമ്പൂര്‍ണ്ണ വിപണി അംഗീകാരത്തിന് ആവശ്യമായ ഡാറ്റ ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം വിതരണം ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന വാക്‌സിനാണ് കൊവിഷീല്‍ഡ്. വാക്‌സിന്‍ ലഭിച്ചവരില്‍ 90 ശതമാനം ആളുകളും കൊവിഷീല്‍ഡ് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മാസത്തിലാണ് അടിയന്തരഘട്ടത്തില്‍ ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 144 കോടി പിന്നിട്ടിരിക്കുകയാണ്.
ആസ്ട്രസെനക ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് പുറത്തിറക്കിയ വാക്‌സിനാണ് കൊവിഷീല്‍ഡ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. ഇവയ്ക്ക് രണ്ടിനും 2021 ഫെബ്രുവരി 15 ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കുകയായിരുന്നു.
അടുത്തിടെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്കും ഒരു ആന്റി വൈറല്‍ മരുന്നിനും അനുമതി നല്‍കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവോവാക്‌സ്, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബയോളജിക്കല്‍-ഇ നിര്‍മിക്കുന്ന കോര്‍ബെവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കുമാണ് അനുമതി നല്‍കിയത്.
രണ്ട് വാക്‌സിനുകള്‍ക്ക് കൂടി അനുമതി ലഭിച്ചതോടെ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള കൊവിഡ് വാക്‌സിനുകള്‍ എട്ടായി. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സൈകോവ്-ഡി, സ്പുട്‌നിക്-വി, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് നേരത്തെ അനുമതി ലഭിച്ച വാക്‌സിനുകള്‍. 2022 ജനുവരി 10 മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ മുന്‍കരുതല്‍ ഡോസ് വിതരണം ആരംഭിക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍നിര പ്രവര്‍ത്തകര്‍ 60ന് മകളില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ കരുതല്‍ ഡോസ് ലഭിക്കുക. രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് കരുതല്‍ ഡോസ് ലഭിക്കുന്നത്.