കോവീഷീല്‍ഡ് വാക്‌സിന് വില കുറച്ചു; 300 രൂപയാക്കി

April 28, 2021 |
|
News

                  കോവീഷീല്‍ഡ് വാക്‌സിന് വില കുറച്ചു; 300 രൂപയാക്കി

ന്യൂഡല്‍ഹി: കോവീഷീല്‍ഡ് വാക്‌സീന് വില കുറച്ചതായി സീറം ഇന്‍സ്റ്ററ്റിയൂട്ട് മേധാവി അദാര്‍ പൂനവാല അറിയിച്ചു. ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയിലേക്കാണ് കുറച്ചത്. മാനുഷിക പരിഗണനവച്ചാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന വാക്‌സീന്റെ വില കുറയ്ക്കുന്നതെന്ന് അദാര്‍ പൂനാവാല അറിയിച്ചു.

'മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സീന്റെ വില ഡോസിന് 400 രൂപയില്‍നിന്ന് 300 രൂപയാക്കി കുറച്ചതായി അറിയിക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ കോടിക്കണക്കിന് ഫണ്ടുകള്‍ ലാഭിക്കാന്‍ കാരണമാകും. കൂടുതല്‍ വാക്‌സിനേഷനും എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കുന്നതിനും കാരണമാകും' പൂനവാല ട്വീറ്റ് ചെയ്തു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വാക്‌സീന്‍ ഡോസുകളുടെ വിലയില്‍ മാത്രമാണ് മാറ്റമുള്ളത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 600 രൂപ എന്ന നില തന്നെ തുടരും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ, കേന്ദ്ര സര്‍ക്കാരിന് ഡോസിന് 150 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നത്. മേയ് ഒന്നു മുതല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വില ഉയര്‍ത്തിയത്. ഇതിനനെതിരെ കനത്ത പ്രതിഷേധം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved