കൈവെച്ച എല്ലാത്തിലും വിജയത്തിന്റെ മാന്ത്രിക സ്പര്‍ശം; ബിസിനസ് രാജാവ് എം.എ യൂസഫലിയുടെ മകള്‍ ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയത് റസ്റ്റോറന്റ് ശൃംഘലയുടെ വന്‍ വളര്‍ച്ചയ്ക്ക് പിന്നാലെ

August 21, 2019 |
|
News

                  കൈവെച്ച എല്ലാത്തിലും വിജയത്തിന്റെ മാന്ത്രിക സ്പര്‍ശം; ബിസിനസ് രാജാവ് എം.എ യൂസഫലിയുടെ മകള്‍ ഫോബ്‌സ് പട്ടികയില്‍  ഇടം നേടിയത് റസ്റ്റോറന്റ് ശൃംഘലയുടെ വന്‍ വളര്‍ച്ചയ്ക്ക് പിന്നാലെ

അബുദാബി: കൈവെച്ച മേഖലയില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച പ്രതിഭ. എം.എ യൂസഫലി എന്ന വ്യക്തിയുടെ ജീവിതം കണ്ട ഏവര്‍ക്കും പറയാന്‍ സാധിക്കും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. മിഡില്‍ ഈസ്റ്റില്‍ പടര്‍ന്ന് പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ യൂസഫലിയുടെ മകളും ബിസിനസ് റാണിയായി വളര്‍ന്നു എന്ന് കേള്‍ക്കുമ്പോള്‍ അതില്‍ അത്ഭുതമൊന്നും തോന്നില്ല. കാരണം അത് കഠിനാധ്വാനമാണ് വിജയത്തിന്റെ മന്ത്രമെന്ന് തെളിയിച്ച പ്രതിഭയുടെ മകളാണ്. ഷഫീന യൂസഫലി ഇന്ന് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപയാണ്.

ഫോബ്സ് മിഡല്‍ ഇസ്റ്റിന്റെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രചോദനാത്മക വനിതകളുടെ ആദ്യ വാര്‍ഷിക റാങ്കിങ്ങിലെ ടേബിള്‍സ് ചെയര്‍പേഴ്‌സണ്‍ ഷഫീനാ യൂസഫലി സ്ഥാനംപിടിച്ചു. പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ഇവര്‍. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഉടമ ഗിസ്ലാന്‍ ഗ്വെനസ്, ഹാലി ബെറി, ബിയോണ്‍സ് തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് കോസ്റ്റ്യും ഡിസൈനര്‍ ആയി പേരെടുത്ത ഡിസൈനര്‍ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

2010ലാണ് ഷഫീന ടേബിള്‍സുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഷഫീന യു.എ.ഇ.യിലും ഇന്ത്യയിലും വിജയകരമായി ബിസിനസുകള്‍ ആരംഭിച്ചു. ഏഴുവര്‍ഷത്തിനിടെ മുപ്പതിലധികം എഫ് ആന്‍ഡ് ബി സ്റ്റോറുകള്‍ ഷഫീന തുടങ്ങി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ മകളാണ് ഷഫീന. ബിസിനസിലെ ഏറ്റവും കരുത്തനായ സാരഥിയുടെ മകള്‍ പിതാവിന്റെ അതെ പാത തന്നെയാണ് പിന്തുടരുന്നത്. എന്നാല്‍ പിതാവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തണല്‍ പറ്റി വളര്‍ന്നു വന്ന ഒരു സംരംഭകയല്ല ഷഫീന. ബിസിനസില്‍ പിതാവിനെ വെല്ലുന്ന മകള്‍ എന്ന ലേബലില്‍ ഉറച്ചു നിന്നുകൊണ്ടാണ് ഷഫീന നേട്ടം കയ്യെത്തിപ്പിടിച്ചിരിക്കുന്നത്.

ജിസിസിയിലെ ഫുഡ് ആന്‍ഡ് ബീവറേജ്‌സ് മേഖലക്ക് നല്‍കിയ സംഭാവനകളാണ് ടെബ്ലേസ് സിഇഒയും ചെയര്‍പേഴ്‌സണുമായ ഷഫീന യൂസഫലിക്ക് ഫോബ്‌സിലേക്കുള്ള വഴി തെളിച്ചിരിക്കുന്നത്. ഒമ്പത് വര്‍ഷത്തിനിടെ യു എ ഇ യില്‍ 30 എഫ് ആന്‍ഡ് ബി സ്റ്റോറുകളാണ് ഷഫീന ആരംഭിച്ചത്. ഇന്ത്യയില്‍ കോള്‍ഡ് സ്റ്റോണ്‍ ക്രീമറി, ഗലീറ്റോസ്, ബ്ലൂംസ്ബറീസ് എന്നീ എഫ് ആന്‍ഡ് ബി ബ്രാന്‍ഡുകളില്‍ 23 സ്റ്റോറുകളാണ് ടെബ്ലേസ് ഓപ്പറേറ്റ് ചെയ്യുന്നത്.

പിതാവിനെ പോലെ തന്നെ കൈവയ്ക്കുന്നതെല്ലാം പൊന്നാക്കി മാറ്റുന്ന ബിസിനസ് ചരിത്രമാണ് ഷഫീനക്കുള്ളത്. കോള്‍ഡ്സ്റ്റോണിന്റെ രണ്ടു സ്റ്റോറുകളാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ലീഡര്‍ഷിപ്പ്, തീരുമാനങ്ങള്‍ എടുക്കുന്നതിലെ കൃത്യത എന്നിവയാണ് ഷഫീനയെ വ്യത്യസ്തമാക്കുന്നത്. 2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് ഈ മികവിലേക്ക് ഉയര്‍ത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.

മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായി സംരംഭം പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഷുഗര്‍ ഫാക്ടറി, പാന്‍കേക്ക് ഹൗസ്, കോള്‍ഡ് സ്റ്റോണ്‍ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും ഇന്ത്യയിലും യുഎഇയിലും അവതരിപ്പിച്ചു. ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് അംഗീകരാമെന്ന് ഫോബ്സ് മാസിക അറിയിച്ചു.

നേരത്തെ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും ഷഫീന യൂസഫലി ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖലയാണ് ഷഫീനയുടെ കൈവശമുള്ളത്. ഷഫീനയുടെ നേതൃത്വത്തിലുള്ള ടേബിള്‍സ് ഫുഡ് കമ്പനി ഏതാണ്ട് 400 കോടിയോളം രൂപ ഇന്ത്യയിലും ശ്രീലങ്കയിലും മുതല്‍ മുടക്കിയിരുന്നു.

രുചിവിപണിയിലെ കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ടേബിള്‍സ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ആഗസ്തില്‍ തുടങ്ങുന്ന വിപണനം ഒക്ടോബറോടെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്‍ യു.എ.ഇ.യില്‍ അവതരിപ്പിച്ചത് ടേബിള്‍സാണ്. ഇന്ത്യയില്‍ ഗലീറ്റോവിന് പുറമേ, അമേരിക്കയില്‍ നിന്നുള്ള കോള്‍ഡ് സ്റ്റോണ്‍ ഐസ്‌ക്രീമും ടേബിള്‍സ് വിപണനം നടത്തും. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനകം ഗലീറ്റോയുടെ പത്ത് ശാഖകളാകും ടേബിള്‍സ് തുറക്കുക. ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്റെ യു.എ.ഇ., ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിപണനാവകാശം കഴിഞ്ഞവര്‍ഷമാണ് ടേബിള്‍സ് നേടിയത്.

ഇന്ത്യയില്‍ ബിസിനസ് രംഗത്ത് വിജയം കൊയ്ത വനിതാ വ്യവസായിയായി വളരുക എന്നത് ഷഫീന യൂസഫലിയുടെ ലക്ഷ്യം. ലണ്ടനില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ഷഫീന ബാപ്പയ്‌ക്കൊപ്പം ബിസിനസ് രംഗത്തേക്ക് കടന്നത്. മകള്‍ സ്വന്തം നിലയില്‍ വിജയഗാഥ തീര്‍ക്കട്ടെ എന്നു കരുതിയാണ് ടേബിള്‍സിന് രൂപം നല്‍കിയതും. രുചികരമായ ഭക്ഷണം വിളമ്പുക എന്നതായിരുന്നു ഷഫീന തിരഞ്ഞെടുത്ത വഴിയും.

Related Articles

© 2024 Financial Views. All Rights Reserved