
ലക്ഷ്യപ്രാപ്തിയിലെത്താതെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വില്‍പ്പന. വാങ്ങാനാളില്ലാതെ പരാജയപ്പെടുന്ന കാഴ്ചയാണ് ദൃശ്യമായത്. എയര്‍ ഇന്ത്യ വില്‍പനയില്‍ നടപ്പു വര്‍ഷം സര്‍ക്കാറിന് കിട്ടിയത് 2700 കോടി രൂപയെന്ന് ബജറ്റ് കണക്കുകള്‍. ഇക്കൊല്ലം ഓഹരി വില്‍പനയിലൂടെ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടതെങ്കില്‍, കിട്ടിയത് 12,030 കോടി രൂപ മാത്രം. എയര്‍ ഇന്ത്യയുടെ 2700 കോടി രൂപ ഉള്‍പ്പെടെയുള്ള കണക്കാണിത്. അതേസമയം ഉദ്ദേശിച്ച വിധം വില്‍പന നടക്കാത്തതിന് കാരണമായി കോവിഡ് സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
ഇക്കൊല്ലം ലക്ഷ്യം 65,000 കോടി രൂപയായി കുറച്ചിട്ടുണ്ട്. ബജറ്റിലെ ഓഹരി വില്‍പന ലക്ഷ്യം പാളുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്. 2020-21ല്‍ ലക്ഷ്യമിട്ടത് 2.10 ലക്ഷം കോടി രൂപയായിരുന്നെങ്കിലും കിട്ടിയത് 37,897 കോടി രൂപ മാത്രമായിരുന്നു. 2019-20ല്‍ കിട്ടിയത് 50,298 കോടി രൂപയായിരുന്നെങ്കില്‍ ലക്ഷ്യമിട്ടത് 1.05 ലക്ഷം കോടി രൂപയായിരുന്നു.
എന്നാല്‍, 2018-19ല്‍ പ്രതീക്ഷിച്ചത് 80,000 കോടി രൂപയും, കിട്ടിയത് 84,972 കോടി രൂപയുമായി. നടപ്പു വര്‍ഷം എല്‍ഐസി ഓഹരി വില്‍പനയാണ് സര്‍ക്കാര്‍ മുഖ്യമായും പരിഗണിക്കുന്നത്. ബിപിസിഎല്‍, ഷിപിങ് കോര്‍പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, പവന്‍ ഹന്‍സ് തുടങ്ങിയവയുടെ ഓഹരി വില്‍പനക്കും മുന്‍ഗണന നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.