ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ എംഎക്‌സ് ടക്കാടകിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ഷെയര്‍ചാറ്റ്

February 11, 2022 |
|
News

                  ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ എംഎക്‌സ് ടക്കാടകിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ഷെയര്‍ചാറ്റ്

ഇന്ത്യന്‍ സമൂഹമാധ്യമമായ ഷെയര്‍ചാറ്റ് ടൈംസ് ഇന്റര്‍നെറ്റിന്റെ ഉടമസ്ഥതയിലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ എംഎക്‌സ് ടക്കാ ടക് വാങ്ങുന്നതായി റിപ്പോര്‍ട്ട്. 700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇടപാടാണ് നടക്കുന്നത് എന്നാണ് സൂചന. അതേസമയം, ഡീല്‍ അവസാനിക്കുമ്പോള്‍ ഇടപാടിന്റെ മൂല്യം മാറിയേക്കാമെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഷെയര്‍ചാറ്റിന്റെ മാതൃസ്ഥാപനമായ മൊഹല്ല ടെക്കിന് നിലവില്‍ 2000 ജീവനക്കാരാണുള്ളത്. എംഎക്‌സ് ടക്കാ ടക് ഏറ്റെടുക്കുന്നതിന് പിന്നാലെ കമ്പനിയിലെ 180 ജീവനക്കാരും സ്ഥാപനത്തിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎക്‌സ് ടക്കാ ടക് ഏകദേശം ആറ് മാസത്തിനുള്ളില്‍ റീബ്രാന്‍ഡ് ചെയ്യപ്പെടുമെന്നും ഈ മാസം അവസാനത്തോടെ ഇടപാട് അവസാനിപ്പിക്കാനുള്ള ലക്ഷ്യമുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മൊഹല്ല ടെക്കിന്റെ ഈ നീക്കത്തോടെ അവരുടെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ മോജിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പ്രതിമാസം മോജിന് 160 ദശലക്ഷം സജീവ യൂസേഴ്‌സ് ആണുള്ളത്. ഇതിന് പുറമെ, എംഎക്‌സ് ടക്കാ ടക്കിന് 150 ദശലക്ഷം യൂസേഴ്‌സും ഉണ്ട്. ഇരുകൂട്ടരുടേയും കൂടെ ചേരുമ്പോള്‍ മുന്നൂറ് ദശലക്ഷം യൂസേഴ്‌സിനെയാണ് ഷെയര്‍ചാറ്റിന് ലഭിക്കുക. ഇത് ഇവരുടെ മുഖ്യ എതിരാളികളായ ജോഷിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമിന്റ് റീല്‍സുകളോട് മത്സരിച്ചാണ് ഇത്തരത്തിലുള്ള കുഞ്ഞന്‍ വീഡിയോ വ്യവസായത്തില്‍ ഒരു മുന്നേറ്റമുണ്ടായിരിക്കുന്നത്. റെഡ്‌സീര്‍ റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കിന്റെ ഷോര്‍ട്ട് വീഡിയോകളും ഇന്‍സ്റ്റാഗ്രാം റീലുകളും 50 പ്രമുഖ നഗരങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന സമയത്ത് ഇന്ത്യന്‍ എതിരാളികളായ ജോഷ്, മോജ്, എംഎക്‌സ് ടക്കാ ടക് എന്നിവയ്ക്ക് ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ വ്യക്തമായ ഉപയോക്തൃ അടിത്തറയുണ്ട്. അതേസമയം, ഇക്കൂട്ടത്തില്‍ എത്താന്‍ സാധിക്കാതെ പാതിവഴിയില്‍ ആയ ചില കമ്പനികളും ഉണ്ടെന്നത് ശ്രദ്ധേയമാണ്.

2020 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വീകാര്യത ലഭിച്ചത്. ഇതിന് പിന്നാലെയാണ് എംഎക്‌സ് ടക്കാ ടകും ജോഷും പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് കമ്പനികള്‍ക്ക് നേട്ടമുണ്ടായിരിക്കുന്നത്. അതേസമയം, ഇത് സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇരു കമ്പനികളും സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved