ധനലക്ഷ്മി ബാങ്ക് എംഡിയെ ഓഹരിയുടമകള്‍ വോട്ട് ചെയ്തു പുറത്താക്കി; കേരളത്തില്‍ ഇത് ആദ്യം

October 01, 2020 |
|
News

                  ധനലക്ഷ്മി ബാങ്ക് എംഡിയെ ഓഹരിയുടമകള്‍ വോട്ട് ചെയ്തു പുറത്താക്കി;  കേരളത്തില്‍ ഇത് ആദ്യം

തൃശൂര്‍: ധനലക്ഷ്മി ബാങ്കില്‍ റിസര്‍വ് ബാങ്ക് നിയമിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ഓഹരിയുടമകളുടെ ജനറല്‍ ബോഡി യോഗം വോട്ട് ചെയ്തു പുറത്താക്കി. ആദ്യമായാണു കേരളത്തിലെ ഒരു ബാങ്ക് എംഡി ഇങ്ങനെ പുറത്താകുന്നത്. 90.49% വോട്ട് പുറത്താക്കല്‍ പ്രമേയത്തിന് അനുകൂലമായി ലഭിച്ചു. ഇതോടെ ബാങ്കിന്റെ ഉന്നത ഭരണതലത്തില്‍ പ്രതിസന്ധി രൂക്ഷമായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠന്‍ പുറത്തു പോകേണ്ടി വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് അപ്രതീക്ഷിതമായ പുറത്താക്കല്‍ എന്നു കരുതുന്നു.

മാനേജിങ് ഡയറക്ടറുടെ നിയമനം സംബന്ധിച്ചു സാധാരണ ജനറല്‍ ബോഡിയില്‍ വോട്ടിനിടാറില്ല. തൃശൂരിലെ തന്നെ ഒരു പ്രമുഖ ബാങ്കിന്റെ, കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തിന്റെ അജന്‍ഡയില്‍ എംഡിയുടെ നിയമനം അറിയിപ്പു മാത്രമായാണു ചേര്‍ത്തിരുന്നത്. ധനലക്ഷ്മിയില്‍ പ്രമുഖ നിക്ഷേപകരുടെ വോട്ട് സമാഹരിച്ചായിരുന്നു എംഡിയെ പുറത്താക്കാനായി വോട്ടിങ് നടത്തിയത്.

മാനേജ്‌മെന്റിലെ തര്‍ക്കത്തെത്തുടര്‍ന്നു ഫെബ്രുവരിയില്‍ ബാങ്ക് ചെയര്‍മാനും പിന്നീട് ഏതാനും ഡയറക്ടര്‍മാരും മാനേജിങ് ഡയറക്ടറും രാജിവച്ചിരുന്നു. രാജിവച്ച എംഡിക്കു പകരമായി ആര്‍ബിഐ നിയമിച്ച എംഡിയെയാണ് ഇപ്പോള്‍ പുറത്താക്കിയത്. ആര്‍ബിഐ 2 ദിവസം മുന്‍പ് ഒരു ഉദ്യോഗസ്ഥനെ ധനലക്ഷ്മിയുടെ അഡീഷനല്‍ ഡയറക്ടറായി  നിയമിച്ചത് ഇത്തരമൊരു നീക്കം നടക്കുന്നതിന്റെ  സൂചനയെത്തുടര്‍ന്നാണെന്നു പറയുന്നു.

കഴിഞ്ഞ ദിവസം അയച്ച കത്തില്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലുകളില്‍ ആര്‍ബിഐ അതൃപ്തി പ്രകടിപ്പിക്കുകയും അടിയന്തര നടപടി ബാങ്ക് എടുത്തില്ലെങ്കില്‍ ഇടപെടുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് പി. മണികണ്ഠന്‍ രാജിവച്ചത്. ഇതോടെ ബാങ്കിനു ചെയര്‍മാനും എംഡിയും ജനറല്‍ മാനേജര്‍മാരും ഇല്ലാതായി. 6 ഡയറക്ടര്‍മാരില്‍ 2 പേര്‍ രാജിവയ്ക്കുകയും 2 പേര്‍ കാലാവധി കഴിഞ്ഞ് ഒഴിയുകയും ചെയ്തിട്ടുണ്ട്. ബാങ്ക് ഉന്നത തലത്തില്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയാണ്. ആര്‍ബിഐയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നാണു സൂചന.എംഡിയുടെ ചുമതലയും അധികാരങ്ങളും  ഡയറക്ടര്‍മാരും  ബാങ്ക് എക്‌സിക്യൂട്ടിവുമാരും  ഉള്‍പ്പെട്ട കമ്മിറ്റിക്കു നല്‍കണമെന്നു ബാങ്ക് ഡയറക്ടര്‍മാരുടെ അടിയന്തര യോഗം ആര്‍ബിഐക്ക് അപേക്ഷ നല്‍കി. ലക്ഷ്മി വിലാസ് ബാങ്കിലും എംഡിയെയും 7 ഡയറക്ടര്‍മാരെയും കഴിഞ്ഞ ദിവസം വോട്ട് ചെയ്തു പുറത്താക്കിയിരുന്നു. ആര്‍ബിഐ നിയമിച്ച കമ്മിറ്റിയെ താല്‍ക്കാലിക ഭരണച്ചുമതല  ഏല്‍പിച്ചിരിക്കുകയാണ്.

Related Articles

© 2025 Financial Views. All Rights Reserved