15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് എട്ടിരട്ടിയായി ഉയര്‍ത്തും

October 05, 2021 |
|
News

                  15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് എട്ടിരട്ടിയായി ഉയര്‍ത്തും

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കം ചെന്ന കാറുകളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുമ്പോള്‍ ഫീസായി എട്ടിരട്ടി ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.  അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വലിയ വാണിജ്യവാഹനങ്ങള്‍ക്കും സമാനമായ നിലയില്‍ കൂടുതല്‍ തുക ചെലവാകും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിന് എട്ടിരട്ടി തുക നല്‍കണം. വിജ്ഞാപനം അനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള കാര്‍ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും. നിലവില്‍ 600 രൂപയാണ് പുതുക്കുന്നതിനുള്ള ഫീസ്. ബൈക്കുകള്‍ക്ക് ആയിരം രൂപ നല്‍കണം. നിലവില്‍ 300 രൂപയാണ്. ബസിന് പതിനായിരത്തിന് മുകളില്‍ വരും ചെലവ്. 12,500 രൂപയാണ് ഫീസായി ഈടാക്കുക. നിലവില്‍ 1500 രൂപയാണ്. ട്രക്കിനും സമാനമായ നിരക്കാണ് ഈടാക്കുക എന്ന് വിജ്ഞാപനം പറയുന്നു.

രജിസ്ട്രേഷന്‍ പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രതിമാസം 300 രൂപ പിഴയായി ഈടാക്കും. വാണിജ്യ വാഹനങ്ങള്‍ക്ക് 500 രൂപ നല്‍കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് പ്രതിദിനം 50 രൂപ വീതം പിഴ നല്‍കേണ്ടി വരും. പഴഞ്ചന്‍ വാഹനങ്ങള്‍ കൈവശം വെയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നിരക്ക് ഗണ്യമായി ഉയര്‍ത്തിയത്. സ്വകാര്യ വാഹനങ്ങള്‍ 15 വര്‍ഷം കഴിയുമ്പോള്‍ പുതുക്കണം. അഞ്ചുവര്‍ഷത്തേയ്ക്കാണ് പുതുക്കി നല്‍കുക. പിന്നീട് ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് പുതുക്കണം. വാണിജ്യവാഹനങ്ങള്‍ എട്ടുവര്‍ഷം കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഫിറ്റ്നസ് പുതുക്കണം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved