
കൊച്ചി: കടത്തു കൂലിക്കു പുറമേ, അധിക തുക ഈടാക്കാനുള്ള ചില കപ്പല്‍ കമ്പനികളുടെ നീക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയില്‍ കയറ്റുമതി വ്യവസായി സമൂഹം. ജനറല്‍ റേറ്റ് ഇന്‍ക്രിസ് (ജിആര്‍ഐ) എന്ന പേരില്‍ നാളെ മുതല്‍ 150 ഡോളറിലേറെ അധികമായി ഈടാക്കാന്‍ തീരുമാനിച്ചുവെന്നാണു പരാതി. ജിആര്‍ഐ നടപ്പാക്കിയാല്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ക്കും ആനുപാതികമായി വില ഉയര്‍ത്തേണ്ടിവരും. വില കൂട്ടിയാല്‍ വിദേശ വിപണി, പ്രത്യേകിച്ചും ഗള്‍ഫ് വിപണിയില്‍ ആവശ്യക്കാരില്ലാതെ വരുമെന്ന ആശങ്കയിലാണു കയറ്റുമതി വ്യവസായികള്‍.
ജിആര്‍ഐ മൂലം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചാല്‍ ഗള്‍ഫിലെ ഇറക്കുമതി വ്യാപാരികള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളിലേക്കു മാറാന്‍ സാധ്യതയേറെ. ശ്രീലങ്ക, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങി പല രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പന്നങ്ങളാകും ഭീഷണി.
മധ്യേഷ്യയില്‍ യുദ്ധസമാന സാഹചര്യമുണ്ടായപ്പോള്‍ ചില ഷിപ്പിങ് കമ്പനികള്‍ 'വാര്‍ സര്‍ചാര്‍ജ്' എന്ന പേരില്‍ അധിക തുക ഈടാക്കിയിരുന്നു. യുദ്ധ സാഹചര്യം അവസാനിച്ചിട്ടും സര്‍ചാര്‍ജ് ഇപ്പോഴും ഈടാക്കുന്നുണ്ടെന്നും വ്യവസായികള്‍ പരാതിപ്പെടുന്നു. പ്രശ്‌നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കസ്റ്റംസ്, കേരള മാരിടൈം ബോര്‍ഡ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സ്റ്റീമര്‍ എജന്റ്‌സ് അസോസിയേഷന്‍ എന്നിവയെ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സമീപിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ചരക്കു കപ്പല്‍ സര്‍വീസ് കമ്പനികളും കടുത്ത സാമ്പത്തിക സമ്മര്‍ദം നേരിടുകയാണെന്നു ഷിപ്പിങ് വൃത്തങ്ങള്‍ പറയുന്നു.