
ന്യൂയോർക്ക്: കോവിഡിനെത്തുടർന്ന് എണ്ണ വില പൂജ്യത്തിനും താഴേക്ക് പോയത് ഈ അടുത്ത ദിവസങ്ങളിൽ ലോകം ചർച്ച ചെയ്തതാണ്. എന്നാൽ വിലയിടിവിന് പുറമേ എണ്ണ സംരംഭരണം പരിധി കവിഞ്ഞതാണ് ഇപ്പോൾ ഉൽപ്പാദകരും നിക്ഷേപകരും അനുഭവിക്കുന്ന പ്രധാന പ്രശ്നം. കപ്പലുകൾ, ട്രെയിൻ ബോഗികൾ, ഭൂഗർഭ അറകൾ, പൈപ്പ്‌ലൈനുകൾ തുടങ്ങി വലിയ രീതിയിൽ ശേഖരിച്ചുവയ്ക്കാവുന്ന സങ്കേതങ്ങൾ അന്വേഷിക്കുകയാണ് എണ്ണ വ്യാപാരികൾ. ശേഖരിച്ചുവയ്ക്കേണ്ടത് എണ്ണയാണ്! കൊറോണ വൈറസ് വ്യാപന ഭീതിയിൽ ലോകമെങ്ങും ലോക്ഡൗൺ നടപ്പാക്കുകയും രാജ്യാന്തരതലത്തിലെ എല്ലാ വാണിജ്യ വ്യാപാര ഇടപാടുകളും താൽക്കാലികമായി നിർത്തലാക്കുകയും ചെയ്തതോടെ കുഴിച്ചെടുക്കുന്ന എണ്ണ ശേഖരിച്ചു വയ്ക്കാൻ സ്ഥലമില്ലാതായിരിക്കുകയാണ് എണ്ണ വ്യാപാരികള്‍ക്ക്.
വൈറസ് വ്യാപന ഭീതിയെത്തുടർന്ന് ലോകമെങ്ങും ജനങ്ങളോടു വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ആകെയുള്ള വിൽപനയിൽ 30% ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. ഉൽപാദനം നിർത്താൻ റഷ്യ, ഒപെക് തുടങ്ങി പ്രധാനപ്പെട്ട ഉൽപാദകർ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ മേയ് വരെ ഇതു നടപ്പാക്കാനാകില്ല. ഇപ്പോൾ വിതരണം 10% കുറയ്ക്കുക മാത്രമേ ചെയ്യാനാകൂ. ലോകത്തിന് എത്രത്തോളം എണ്ണ സംഭരിച്ചുവയ്ക്കാനാകുമെന്നു വ്യക്തമല്ല. എന്നാൽ ഉൽപാദനം തുടരുന്നതിനാൽ ഈ പരിധി ഉടൻതന്നെ എത്തുമെന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങി.
കുറഞ്ഞത് മൂന്നു കോടി ബാരൽ എണ്ണയെങ്കിലും സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനം അടുത്തിടെ എണ്ണ വ്യാപാരികൾ ബുക്ക് ചെയ്തതായാണു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. കരയിൽ സംഭരിക്കാനുള്ള സംവിധാനങ്ങളെല്ലാം നിറഞ്ഞതോടെ കടലിൽ ‘ഫ്ലോട്ടിങ് സ്റ്റോറേജ്’ രീതിയിൽ സൂക്ഷിക്കാനാണ് ടാങ്കർ വെസലുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞത്. ജെറ്റ് ഫ്യുവൽ, പെട്രോൾ, ഡീസൽ എന്നിവ സൂക്ഷിക്കാനാണിത്. ഇനിനോടകം 13 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ രീതിയിൽ സംഭരിച്ചുവച്ചിട്ടുണ്ട്.
കരയിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ ചെലവാണ് കടലിൽ പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന്. ഒപ്പം സാങ്കേതികമായി ഒട്ടേറെ പ്രശ്നങ്ങളും മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ ഉൽപാദക കമ്പനികളും ശുദ്ധീകരണ ശാലകളും വ്യാപാരികളും അസാധാരമായ ചില സംഭരണ രീതികളിലേക്കു മാറിയത്.
വടക്കുകിഴക്കൻ യുഎസിൽ ഗുഡ്‌സ് ട്രെയിനുകളിലും ഉപയോഗിക്കാതെ കിടക്കുന്ന പൈപ്‌ലൈനുകളിലുമാണ് ക്രൂഡ് ഓയിൽ ശേഖരിച്ചുവയ്ക്കുന്നത്. യുഎസിൽ കരയിൽ ക്രൂഡ് ഓയിൽ സംഭരിക്കാനുള്ള സംവിധാങ്ങളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞു. തുടർന്നാണ് റെയിൽകാറുകളെ ആശ്രയിക്കേണ്ടി വന്നത്. അതും ഉടൻ നിറയുമെന്നാണ് ലഭിക്കുന്ന വിവരം. യൂറോപ്പിലെ വടക്കു പടിഞ്ഞാറൻ റിഫൈനറികളിലും സ്റ്റോറേജ് ഹബുകളിലും സ്ഥലമുണ്ടെങ്കിലും അവ ഇപ്പോൾ തന്നെ ബുക്ക് ചെയ്തുവച്ചിരിക്കുകയാണെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ പറയുന്നു.
സ്വീഡനിലെയും മറ്റു സ്കാൻഡിനേവിയൻ രാജ്യങ്ങളിലെയും ‘സോൾട്ട് ക്യവെനു’കളും നിറഞ്ഞിരിക്കുകയോ ബുക്ക് ചെയ്യപ്പെട്ടിരിക്കുകയോ ആണ്. ഭൂമിക്കടിയിൽ തുരങ്കങ്ങളുണ്ടാക്കി ഇന്ധനം സൂക്ഷിക്കുന്ന രീതിയാണിത്. ഇവിടങ്ങളിലാകട്ടെ അധികകാലം ഇത്തരത്തിൽ ഇന്ധനം സൂക്ഷിക്കാനുമാകില്ല. പലയിടത്തും ഇന്ധനം സൂക്ഷിക്കുന്നതിനു കൂടുതൽ തുക ആവശ്യപ്പെടാനും തുടങ്ങിയിട്ടുണ്ട്.
സാധാരണ 12 മാസത്തേക്കു വരെയാണ് ഇന്ധനം സൂക്ഷിക്കാൻ സ്ഥലം നൽകാറുള്ളത്. അതിപ്പോൾ 24–36 മാസത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ‘പ്രീമിയം’ തുക ഈടാക്കി സംഭരണസൗകര്യം അനുവദിക്കാനാണു ചില കമ്പനികളുടെ തീരുമാനം. അതിനിടയ്ക്ക് പല എണ്ണശുദ്ധീകരണ ശാലകളും സംഭരണ സൗകര്യമില്ലാത്തതിനെത്തുടർന്ന് ഉൽപാദനം കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിട്ടുമുണ്ട്.