
മുംബൈ: എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ശിവ് നടാര്‍ രാജിവെച്ചു. ഇദ്ദേഹത്തെ കമ്പനിയുടെ ചെയര്‍മാന്‍ എമിററ്റസായും സ്ട്രാറ്റജിക് അഡൈ്വസറായും നിയമിച്ചു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി രാജിക്കാര്യം വ്യക്തമാക്കിയത്. അതേസമയം അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തേക്കാണ് കമ്പനി പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ജൂലൈ 20 മുതല്‍ ശിവ് നടാര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിന്റെ ഭാഗമായിരിക്കും. ഓഹരി ഉടമകളുടെ അംഗീകാരത്തോടെയായിരിക്കും അദ്ദേഹത്തിന്റെ ഈ സ്ഥാനത്തുള്ള വേതനവും ആനുകൂല്യങ്ങളും നിശ്ചയിക്കുക.
നിലവില്‍ കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സി വിജയകുമാറാണ് ശിവ് നടാറുടെ പിന്‍ഗാമി. കമ്പനിയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായാണ് നിയമനം. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നടാര്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. പിന്നീട് ഇദ്ദേഹത്തിന്റെ മകള്‍ റോഷ്‌നിയായിരുന്നു ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ചുമതലയേറ്റത്.