
പല ചെറുകിട ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടില്‍ 6% ത്തില്‍ കൂടുതല്‍ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ചില ബാങ്കുകളാകട്ടെ 7% പലിശ നിരക്ക് പോലും നല്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിര നിക്ഷേപ പലിശ നിരക്കില്‍ ഇടിവുണ്ടായതിനാല്‍ ഇത്തരമൊരു ഓഫര്‍ എളുപ്പത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കും.
സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ചില ബാങ്കുകള്‍ നിങ്ങള്‍ക്ക് സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍ നിന്ന് വാഗ്ദാനം ചെയ്യും. എന്നാല്‍ ഇത്തരം ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപം അല്‍പ്പം റിസ്ക് നിറഞ്ഞതാണ്. പൊതുമേഖല ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്ര സുരക്ഷിതത്വം ഈ ബാങ്കുകളിലെ നിക്ഷേപത്തിന് ഉണ്ടാകണമെന്നില്ല.
വാണിജ്യ ബാങ്കുകളിലെ സേവിംഗ്സ് അക്കൌണ്ട്, സ്ഥിര നിക്ഷേപം, റിക്കറന്റ് നിക്ഷേപം തുടങ്ങിയവയുടെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനും പലിശയ്ക്കും ഇന്‍ഷുറന്‍സ് ഉണ്ടാകും. ഒരു ബാങ്കിന്റെ വിവിധ ശാഖകളിലെ നിക്ഷേപം എല്ലാം കണക്കിലെടുത്ത് പരമാവധി അഞ്ച് ലക്ഷം രൂപയ്ക്ക് വരെയാണ് ഇന്‍ഷുറന്‍സ് ബാധകമാകുന്നത്.
അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും ബാങ്ക് തകര്‍ന്നാല്‍ ഉടന്‍ ഈ തുക നിങ്ങള്‍ക്ക് ലഭിക്കില്ല. പണം തിരികെ ലഭിക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ റിസ്ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ചെറുകിട സ്വകാര്യ ബാങ്കുകളിലെ സേവിംഗ്സ് അക്കൌണ്ടുകളില്‍ പണം നിക്ഷേപിക്കാം. എന്നാല്‍ പരമാവധി 5 ലക്ഷം രൂപ വരെ മാത്രം ഇവിടെ നിക്ഷേപിക്കുന്നതാകും നല്ലത്.
നിങ്ങളുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരിക്കാന്‍ സഹായിക്കുന്ന മറ്റൊരു നിക്ഷേപമാണ് ഡെറ്റ് ഫണ്ടുകള്‍. എന്നാല്‍ ഇവിടെയും റിസ്ക് ഒരു പ്രധാന ഘടകമാണ്. ഡെറ്റ് ഫണ്ടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. വ്യത്യസ്ത കാലാവധികളിലുള്ള നിക്ഷേപത്തിന് അനുയോജ്യമായ വ്യത്യസ്ത തരം ഡെറ്റ് ഫണ്ടുകള്‍ ഉണ്ട്. എന്നാല്‍ ബാങ്ക് എഫ്ഡി അല്ലെങ്കില്‍ ബാങ്ക് സേവിംഗ് അക്കൗണ്ടില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ നേട്ടം ഡെറ്റ് ഫണ്ടുകള്‍ നല്‍കും.