
ശ്രീറാം പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ 8 മുതല്‍ 10 വരെ നടക്കും. 113-118 രൂപയാണ് പ്രൈസ് ബാന്‍ഡ്. ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 1,752 കോടി രൂപ ശ്രീറാം പ്രോപ്പര്‍ട്ടീസിന് സമാഹരിക്കാനാവും. ഡിസംബര്‍ 20ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
250 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 350 കോടിയുടെ ഓഹരികളുമാണ് വില്‍ക്കുന്നത്.
നേരത്തെ ഓഫര്‍ ഫോര്‍ സെയിലിലൂടെ 550 കോടി സമാഹരിക്കാനിരുന്ന കമ്പനി പിന്നീട് തുക 350 കോടിയായി ചുരുക്കിയിരുന്നു. ഇതോടെ ഐപിഒയുടെ ആകെ തുക 800ല്‍ നിന്ന് 600 കോടിയായി കുറഞ്ഞു. ഓഫര്‍ ഓഫ് സെയിലില്‍ ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍സ് ലിമിറ്റഡ് 8.34 കോടിയുടെയും ഒമേഗ ടിസി 90.95 കോടിയുടേയും ഓഹരികള്‍ വില്‍ക്കും. ടിപിജി ഏഷ്യ എസ്ഫ് വി , മൗറീഷ്യസ് ഇന്‍വസ്റ്റേഴ്സ് ലിമിറ്റഡ് എന്നിവര്‍ യഥാക്രമം 92.21 കോടി, 133.50 കോടി രൂപയുടെ ഓഹരികളും വില്‍ക്കും.
പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന തുക കടബാധ്യതകള്‍ തീര്‍ക്കാനാണ് വിനിയോഗിക്കുക. 695.10 കോടി രൂപയാണ് 2021 സെപ്റ്റംബറിലെ കണക്ക് പ്രകാരം കമ്പനിക്ക് വായ്പ തിരിച്ചടവ് ഉള്ളത്. 2020-21 സാമ്പത്തിക വര്‍ഷം 60.03 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ നഷ്ടം. 413.50 കോടി വരുമാന ഇനത്തില്‍ നേടി. ആക്സിസ് സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, നോമുര ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍. ഐപിഒ നടത്തുന്ന രണ്ടാമത്തെ പ്രോപ്പര്‍ട്ടി കമ്പനിയാണ് ശ്രീറാം പ്രോപ്പര്‍ട്ടീസ്. നേരത്തെ മാക്രോടെക്ക് ഡെവലപ്പേഴ്സ് ലിമിറ്റഡ് 2500 കോടിയുടെ ഐപിഒ നടത്തിയിരുന്നു.