ഒക്ടോബറിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു; ഫെബ്രുവരിക്ക് ശേഷം ഇത് ആദ്യം

November 02, 2020 |
|
News

                  ഒക്ടോബറിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു;  ഫെബ്രുവരിക്ക് ശേഷം ഇത് ആദ്യം

ന്യൂഡല്‍ഹി: കൊറോണ കാരണം ഇടിഞ്ഞ ചരക്ക് സേവന നികുതി കളക്ഷന്‍ വീണ്ടും സജീവമായി. ഒക്ടോബറില്‍ ഒരു ലക്ഷം കോടി രൂപയിലധികം ജിഎസ്ടി പിരിച്ചുവെന്ന് ധനമന്ത്രാലയം അറിയിച്ചു. 1.05 ലക്ഷം കോടി രൂപയാണ് ഒക്ടോബറിലെ ജിഎസ്ടി കളക്ഷന്‍. സിജിഎസ്ടി 19193 കോടിയാണ്. എസ്ജിഎസ്ടി 5411 കോടിയും. ഐജിഎസ്ടി 52540 കോടിയാണെന്നും ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിരിച്ച ജിഎസ്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം അധികമാണ് ഇക്കഴിഞ്ഞ ഒക്ടോബറിലെ ജിഎസ്ടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 95000 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ പിരിച്ചത്.

ഫെബ്രുവരിക്ക് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ജിഎസ്ടി പിരിക്കാന്‍ സാധിച്ചത് ആദ്യമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നികുതിയൊടുക്കലിന് ഇളവ് നല്‍കിയിരുന്നു. മാത്രമല്ല, കൃത്യമായി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട വിധം ഇടപെടാനും സാധിക്കാതെ വന്നു. ഇപ്പോള്‍ നികുതികള്‍ കൂട്ടത്തോടെ ഖജനാവിലേക്ക് എത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സജീവമായതോടെ കളക്ഷന്‍ വേഗത്തിലായി. ഇതെല്ലാമാണ് ഒരുലക്ഷം കോടിയിലധികം പിരിക്കാന്‍ ഒക്ടോബറില്‍ സാധിച്ചത്.

കഴിഞ്ഞ സെപ്തംബറിലെ ജിഎസ്ടി കളക്ഷന്‍ 95480 കോടി രൂപയായിരുന്നു. ജൂലൈയില്‍ ജിഎസ്ടി പിരിച്ചത് നെഗറ്റീവ് 14 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നെഗറ്റീവ് എട്ടിലേക്ക് എത്തി. സെപ്തംബറില്‍ അഞ്ച് ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ വീണ്ടും ഉയരുകയാണ് ചെയ്തത്. ഓരോ മാസവും ജിഎസ്ടി കളക്ഷനില്‍ മികച്ച വര്‍ധനവാണ് പ്രകടമാകുന്നത്. സാമ്പത്തിക രംഗം വീണ്ടും സജീവമാകുന്നു എന്നതിന്റെ സൂചനയായി ഇത് കണക്കാക്കാം. വരും മാസങ്ങളിലും നികുതി കളക്ഷന്‍ വര്‍ധിക്കുമെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved