ഇനി സില്‍വര്‍ ഇടിഎഫിലും നിക്ഷേപം നടത്താം; സെബി അനുമതി നല്‍കി

October 12, 2021 |
|
News

                  ഇനി സില്‍വര്‍ ഇടിഎഫിലും നിക്ഷേപം നടത്താം;  സെബി അനുമതി നല്‍കി

ഗോള്‍ഡ് ഇടിഎഫില്‍ എന്ന പോലെ സില്‍വര്‍ ഇടിഎഫിലും നിക്ഷേപം നടത്താന്‍ അവസരമൊരുങ്ങി. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് സില്‍വര്‍ ഇടിഎഫുകള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കിയതോടെയാണിത്. രാജ്യാന്തര വിപണിയില്‍ നേരത്തെ സില്‍വര്‍ ഇടിഎഫുകള്‍ ലഭ്യമാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ആദ്യമാണ്. നിലവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിക്കാന്‍ മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 16349 കോടിയോളം രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്തു വരുന്നത്.

കുറഞ്ഞ വിലയും സ്വര്‍ണത്തിന്റെ അത്ര ജനപ്രീതി ഇല്ലെന്നതും കണക്കിലെടുക്കുമ്പോള്‍ തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു എന്നത് വെള്ളിയുടെ ആകര്‍ഷണമാണ്. എന്നിരുന്നാലും ഇതുവരെയും വെള്ളിയില്‍ നിക്ഷേപിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഒന്നുകില്‍ വെള്ളി ബാറുകള്‍ വാങ്ങുകയോ അല്ലെങ്കില്‍ കമ്മോഡിറ്റി എക്സ്ചേഞ്ചേുകളിലെ കമ്മോഡിറ്റി ഫ്യൂചറുകളില്‍ നിക്ഷേപിക്കുകയോ മാത്രമായിരുന്നു വഴി.

സില്‍വര്‍ ഇടിഎഫുകള്‍ക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക്പുതിയ ആസ്തി വിഭാഗം ലഭ്യമായിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് വെള്ളിയുടെ വില ഇവിടെയും നിശ്ചയിക്കുന്നത്. 2010-11 ലെ ശരാശരി വിലയേക്കാള്‍ ഇപ്പോള്‍ 64 ശതമാനം വില കൂടിയിട്ടുണ്ട് എന്നത് വെള്ളിയുടെ ആകര്‍ഷണീയതയാണ്. 61200 രൂപയാണ് ഒരു കിലോ വെള്ളിയുടെ ഇപ്പോഴത്തെ വിപണി വില. 2010-11 ല്‍ ഇത് 37289 രൂപയോളമായിരുന്നു. സില്‍വര്‍ ഇടിഎഫുകള്‍ ഗോള്‍ഡ് ഇടിഎഫുകള്‍ പോലെ തന്നെ ആകര്‍ഷകമാകുമെന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മോഡിറ്റി റിസര്‍ച്ച് വിഭാഗം തലവന്‍ ഹരീഷ് വി പറയുന്നത്. സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളി വിലയ്ക്ക് ചാഞ്ചാട്ടം കൂടുതലാണ്. രാജ്യാന്തര തലത്തില്‍ സില്‍വര്‍ ഇടിഎഫുകള്‍ക്ക് മികച്ച സ്വീകാര്യതയുണ്ട്. ഇന്ത്യന്‍ നിക്ഷേപകര്‍ക്കും മികച്ച അവസരമായി ഇത് മാറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടല്‍.

Related Articles

© 2024 Financial Views. All Rights Reserved