
കൊല്ലം: കേരളത്തിന്റെ ഹൈടെക്ക് അതിവേഗ റെയില്‍പ്പാത ഉടന്‍ നിര്‍മാണം തുടങ്ങും. തിരുവനന്തപുരം-കാസര്‍കോട് അര്‍ധ,അതിവേഗ റെയില്‍പദ്ധതിയായ സില്‍വര്‍ ലൈനിന്റെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
പ്രാഥമിക ഘട്ടത്തില്‍ അതിവേഗ റെയില്‍ പദ്ധതിക്ക് 56,443 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 66,079 കോടി രൂപയാകും എന്നാണ് കണക്കുകൂട്ടല്‍. ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യയാണ് പദ്ധതിയുടെ പ്രത്യേകത. സിഗ്‌നല്‍ സംവിധാനം, ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം, വാര്‍ത്താവിനിമയ സംവിധാനം, ടിക്കറ്റ് വിതരണം തുടങ്ങി മുഴുവന്‍ മേഖലകളിലും നൂതന സാങ്കേതിക വിദ്യകളായിരിക്കും ഉപയോഗിക്കുകയെന്ന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി വി. അജിത് കുമാര്‍ അറിയിച്ചു.
പദ്ധതിയുടെ ഗുണങ്ങള്‍
തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള 55 കിലോമീറ്റര്‍ 24 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകും. കൊല്ലത്തുനിന്ന് ചെങ്ങന്നൂരിലെത്താന്‍ 48 മിനിറ്റ് മതിയാകും. കോട്ടയത്തേയ്ക്ക് ഒരു മണിക്കൂറും,എറണാകുളത്തേക്ക് എത്താന്‍ 1.30മണിക്കൂറും മതിയാകും എന്നാണ് കണക്കാക്കുന്നത്.
2020 ജനുവരി ആദ്യം വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാകും.2020ല്‍ തന്നെ നിര്‍മാണം തുടങ്ങുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഡിപിആര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. പദ്ധതി സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണ്.തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലിലുള്ള സ്റ്റേഷനു സമീപമാകും അതിവേഗ പാതയുടെ സ്റ്റേഷനുകള്‍. ഇതൊടൊപ്പം ഫീഡര്‍ സ്റ്റേഷനുകള്‍ നിര്‍മിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഫീഡിങ് സ്റ്റേഷന്‍ പരിഗണനയിലാണെന്ന് അദേഹം വ്യക്തമാക്കി.