
സിംഗപ്പൂര്‍: ആയിരത്തിന്റെ കറന്‍സി ഇനി അച്ചടിക്കേണ്ടെന്ന കടുത്ത തീരുമാനവുമായി സിങ്കപ്പൂര്‍ സര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ ആയിരം ഡോളര്‍ കറന്‍സി അച്ചടിക്കേണ്ടെന്നാണ് തീരുമാനം. തീവ്രവാദ ഫണ്ടിങ്, കള്ളപ്പണം എന്നിവ ചെറുക്കാനാണ് സിങ്കപ്പൂരിന്റെ നീക്കം. ഡിസംബര്‍ വരെ ഈ കറന്‍സിയുടെ നിയന്ത്രിത എണ്ണം മാത്രമേ വിതരണം ചെയ്യാവൂ എന്നും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
നിലവില്‍ വിപണിയില്‍ വിതരണം ചെയ്ത നോട്ടുകള്‍ നിയമവിധേയമായി നിലനില്‍ക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിയന്ത്രിക്കുന്നതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടാനാവുമെന്ന വലിയ ആത്മവിശ്വാസമാണ് സര്‍ക്കാരിനെ നയിക്കുന്നത്. ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടിയും വിതരണവും നിയന്ത്രിക്കുന്നുണ്ട്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി കുറയ്ക്കുകയെന്ന വലിയ ലക്ഷ്യമാണ് എല്ലാ രാജ്യങ്ങളെയും ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്. നേരത്തെ യൂറോപ്യന്‍ അധികൃതരും 500 രൂപയുടെ യൂറോ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചിരുന്നു. ജനം ഇലക്ട്രോണിക് പേമെന്റ് മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത്.