എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍; വ്യവസായ ഭദ്രതാ പാക്കേജ് നടപ്പാക്കുന്നു

November 28, 2020 |
|
News

                  എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍; വ്യവസായ ഭദ്രതാ പാക്കേജ് നടപ്പാക്കുന്നു

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ച വ്യവസായമേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ആശ്വാസമായി വ്യവസായ ഭദ്രതാ പാക്കേജ് നടപ്പാക്കുന്നു. പുതിയ സംരംഭകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി കെഎസ്‌ഐഡിസി-കിന്‍ഫ്രാ പാര്‍ക്കുകളില്‍ അപ് ഫ്രണ്ട് ലീസ് പ്രീമിയം കുറയ്ക്കുകയും പ്രീമിയം അടയ്ക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ അടയ്‌ക്കേണ്ട ലാന്‍ഡ് പ്രീമിയം മരവിപ്പിച്ചു. മൂന്ന് മാസത്തേക്ക് പാര്‍ക്കുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി വാടകയും കോമണ്‍ ഫെസിലിറ്റി ചാര്‍ജുകളും ഉപേക്ഷിച്ചു. കെഎസ്‌ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെയും മുതലും പലിശയും അടയ്ക്കുന്നതിന് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം അനുവദിച്ചു.

ലോക്ക്ഡൗണിന് ശേഷം വാങ്ങിയ പ്രവര്‍ത്തന മൂലധനത്തിന് 50 ശതമാനം മാര്‍ജ്ജിന്‍ മണി ഗ്രാന്റ് 50 ശതമാനമായി പരിമിതപ്പെടുത്തി ഒരുലക്ഷം ആക്കുകയും ഇത് ആവശ്യമുള്ള പ്രവര്‍ത്തന മൂലധനത്തിന്റെ 15 ശതമാനം അധികമാവരുത് എന്നും നിഷ്‌കര്‍ഷിച്ചു. അധിക ടേം ലോണിനും, പ്രവര്‍ത്തന മൂലധന വായ്പയ്ക്കും ആറ് മാസത്തേക്ക് പലിശ ധനസഹായവും നല്‍കുന്നു.

പാക്കേജിന്റെ സുതാര്യമായ നടത്തിപ്പിനായി വ്യവസായ ഭദ്രതാ പോര്‍ട്ടലും ആരംഭിച്ചു. പലിശയിളവ് പദ്ധതിയ്ക്കായി വ്യവസായ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഗുണഭോക്താവിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved