വൈദ്യുത വാഹന വിപണിയിലേക്ക് സ്‌കോഡയും എത്തുന്നു

March 07, 2022 |
|
News

                  വൈദ്യുത വാഹന വിപണിയിലേക്ക് സ്‌കോഡയും എത്തുന്നു

ഇന്ത്യന്‍ വാഹന വിപണിയിലെ ട്രെന്‍ഡിനൊപ്പം നീങ്ങാനൊരുങ്ങി ചെക്ക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡ. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഒരു ദീര്‍ഘകാല ഭാവി ആസൂത്രണം ചെയ്യുന്നതിനാല്‍ ഇവി സെഗ്മെന്റിലേക്ക് പ്രവേശിക്കേണ്ടിവരുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ''2030 ഓടെ വിപണിയുടെ 25-30 ശതമാനം ഇലക്ട്രിക് കാറുകളായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു, ഞങ്ങളുടെ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനാല്‍ ഞങ്ങള്‍ ഇവികള്‍ വിപണിയില്‍ കൊണ്ടുവരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ധനവില വര്‍ധനവും ഡീസല്‍ കാര്‍ വില്‍പ്പനയിലെ ഇടിവും കാരണം മറ്റ് വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സിഎന്‍ജി പതിപ്പുകള്‍ അവതരിപ്പിക്കാന്‍ സ്‌കോഡ ലക്ഷ്യമിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കുഷാക്ക്, സ്ലാവിയ, ഒക്ടാവിയ, സൂപ്പര്‍ബ്, കൊഡിയാക് തുടങ്ങിയ മോഡലുകളാണ് സ്‌കോഡ ഇന്ത്യയില്‍ പുറത്തിറക്കുന്നത്. കഴിഞ്ഞവര്‍ഷം 24,000 യൂണിറ്റുകളാണ് ചെക്ക് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. ഈ വര്‍ഷമത് മൂന്നിരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വില്‍പ്പന ശൃംഖലയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Read more topics: # സ്‌കോഡ, # Skoda,

Related Articles

© 2025 Financial Views. All Rights Reserved