ഔദ്യോഗികമായി വാഹന വ്യവസായത്തില്‍ പ്രവേശിച്ച് ഷവോമി; തുടക്കത്തില്‍ 1.52 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

March 31, 2021 |
|
News

                  ഔദ്യോഗികമായി വാഹന വ്യവസായത്തില്‍ പ്രവേശിച്ച് ഷവോമി;  തുടക്കത്തില്‍ 1.52 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി വാഹന വ്യവസായത്തില്‍ പ്രവേശിച്ചു. സ്മാര്‍ട്ട് ഇലക്ട്രിക് വാഹന ബിസിനസാണ് ഷവോമിയുടെ പുതിയ പ്രവര്‍ത്തന മേഖല. റെഗുലേറ്ററി ഫയലിംഗ് നടത്തിയാണ് കമ്പനി പുതിയ ബിസിനസ് പ്രഖ്യാപിച്ചത്. പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിക്കായി തുടക്കത്തില്‍ പത്ത് ബില്യണ്‍ യുവാന്‍ (1.52 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് തീരുമാനം.   

സ്മാര്‍ട്ട് ഇലക്ട്രിക് വാഹന ബിസിനസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഷവോമി സിഇഒ ലെയ് ജാന്‍ പ്രവര്‍ത്തിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് സഹായിക്കാനും പങ്കാളിയായി പ്രവര്‍ത്തിക്കുന്നതിനും ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വോള്‍ മോട്ടോര്‍ കോര്‍പ്പറേഷനുമായി ഷവോമി ചര്‍ച്ച നടത്തുകയാണെന്ന് റോയിട്ടേഴ്സ് ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷവോമി കൂടാതെ ചൈനയിലെയും മറ്റിടങ്ങളിലെയും ടെക് ഭീമന്‍മാരും ഇലക്ട്രിക് വാഹന ബിസിനസിലേക്ക് കാലെടുത്തുവെയ്ക്കുകയാണ്. സ്വന്തം നാട്ടിലെ കാര്‍ നിര്‍മാതാക്കളായ ഗീലിയുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന ബിസിനസ് ആരംഭിക്കുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ ചൈനീസ് സെര്‍ച്ച് അതികായനായ ബൈഡു പ്രഖ്യാപിച്ചിരുന്നു. മറ്റൊരു ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വാവെയ് ടെക്നോളജീസ് സമാനമായ നീക്കം നടത്തുകയാണെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചങ്കന്‍ ഓട്ടോമൊബീലുമായും മറ്റ് കമ്പനികളുമായും ചര്‍ച്ച നടത്തിവരികയാണ് വാവെയ്. ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കാന്‍ കുറച്ചുകാലമായി തയ്യാറെടുക്കുകയാണ് ആപ്പിള്‍.

Read more topics: # ഷവോമി, # Xiaomi,

Related Articles

© 2024 Financial Views. All Rights Reserved