
2020 ല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണ്‍ . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള അപകടകരമായ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ഗ്രാന്റ് തോണ്‍സണിന്റെ റിപ്പോര്‍ട്ട്. വിവരങ്ങളുടെ ചോര്‍ച്ചയുടെ കാര്യത്തില്‍ 2019 ല്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 54 ശതമാനമായാണ് ഇത് വര്‍ധിച്ചിരിക്കുന്നത്. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള മാല്‍വെയറുകളുടെയും ബാങ്കിങ് ട്രോജനുകളുടെയും വര്‍ധന സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നൂതന സാങ്കേതികവിദ്യയാണ് ഹാക്കര്‍മാര്‍ ആശ്രയിക്കുന്നത്. അതിനാല്‍ 2020 ല്‍ സുരക്ഷാ പ്രശ്‌നങ്ങളുടെ തോത് കുത്തനെകൂടിയേക്കും. നിലവില്‍ 5ജിയിലേക്ക് ലോകം പൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇത് അനുസരിച്ച് ഇന്റര്‍നെറ്റ് വേഗതയും വര്‍ധിച്ചിട്ടുണ്ട്. ഇതിന് സമാനമായി ഡാറ്റ ചോര്‍ത്തുന്നത് അടക്കമുള്ള സൈബര്‍ ആക്രമണങ്ങളും ഉയരുന്നത് ആശങ്കയോടെയാണ് ഇവര്‍ നോക്കികാണുന്നത്. സുരക്ഷാ ഭീഷണി നേരിടാന്‍ കരുതലോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. ഇതിനായി തുടര്‍ച്ചയായ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുന്ന കമ്പനികള്‍ രൂപീകരിക്കണമെന്നും ഗ്രാന്റ് തോണ്‍ടണ്‍ പറയുന്നു.സൈബര്‍ ആക്രമണങ്ങളില്‍ നല്ലൊരു ഭാഗവും മനുഷ്യന്റെ പിഴവ് കാരണമാണ് സംഭവിക്കുകയെന്നും ഇവര്‍ പറഞ്ഞു. ടെക്‌നോളജിയുടെ സഹായത്തോടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം ഓരോ പതിനാല് സെക്കന്റിലും കമ്പനികളില്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.ഇതില്‍ നല്ലൊരു ഭാഗവും സാമ്പത്തിക തട്ടിപ്പിനായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.