
മുംബൈ: ഇന്ത്യയിലെ ചെറു നഗരങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീലില്‍ അഞ്ച് കോടി ശമ്പളം വാങ്ങി കുനാല്‍ ബഹ്ല്‍. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ഇദ്ദേഹം എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്. മൂന്നര കോടിയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. ഒന്നര കോടി രൂപ പെര്‍ഫോമന്‍സ് ബോണസായി കിട്ടും.
മൂന്ന് വര്‍ഷത്തേക്കാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെയാണിത്. കമ്പനിയുടെ മറ്റൊരു സ്ഥാപകനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ രോഹിത് ബന്‍സലിനും അഞ്ച് കോടി രൂപ കിട്ടും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇദ്ദേഹത്തിന്റെ വേതനം മൂന്നര കോടിയായിരുന്നു.
സ്‌നാപ്ഡീലിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വികാസ് ഭാസിന് 3.1 കോടി രൂപയാണ് മൊത്ത പ്രതിഫലം. കമ്പനിയിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് ഓരോ യോഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പ്രതിഫലം. 2024 വരെ 24 ലക്ഷം രൂപ ഇത്തരത്തില്‍ സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് പ്രതിഫലം ലഭിക്കും. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡീല്‍ ഐപിക്ക് മുന്നോടിയായി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.