35000 കോടി പിഴയടയ്‌ക്കേണ്ടി വന്നാലും ഫേസ്ബുക്ക് 'പഠിക്കില്ലേ'? ഉപഭോക്താക്കളുടെ ഓഡിയോ ഫയല്‍ പകര്‍ത്താന്‍ കോണ്‍ട്രാക്റ്റ് കമ്പനികള്‍ക്ക് പണം നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഉപഭോക്താക്കള്‍ ആശങ്കയില്‍

August 14, 2019 |
|
News

                  35000 കോടി പിഴയടയ്‌ക്കേണ്ടി വന്നാലും ഫേസ്ബുക്ക് 'പഠിക്കില്ലേ'? ഉപഭോക്താക്കളുടെ ഓഡിയോ ഫയല്‍ പകര്‍ത്താന്‍ കോണ്‍ട്രാക്റ്റ് കമ്പനികള്‍ക്ക് പണം നല്‍കിയെന്ന് റിപ്പോര്‍ട്ട്; ഉപഭോക്താക്കള്‍ ആശങ്കയില്‍

കലിഫോര്‍ണിയ: സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ 35000 കോടി രൂപ പിഴയടയ്ക്കാന്‍ ഫേസ്ബുക്കിനോട് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കര്‍ശന ഉത്തരവ് നല്‍കിയിട്ടും സമൂഹ മാധ്യമ ഭീമന് 'പഠിക്കാന്‍' ഉദ്ദേശമില്ലെന്ന് തോന്നുന്നു. ഉപയോക്താക്കളുടെ ഓഡിയോ ഫയലുകള്‍ പകര്‍ത്താന്‍ കോണ്‍ട്രാക്റ്റ് കമ്പനികള്‍ക്ക് പണം നല്‍കിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കമ്പനിയ്ക്ക് പുറമേയുള്ള കോണ്‍ട്രാക്റ്റര്‍മാരോട് ഉപയോക്താക്കളുടെ ഓഡിയോ ഫയലുകള്‍ പകര്‍ത്തി തരണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് എവിടെ വെച്ച് റെക്കോര്‍ഡ് ചെയ്‌തെന്നോ എങ്ങനെ കണ്ടെത്തിയെന്നോ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടില്ല. ഇതോടെ കോണ്‍ട്രാക്റ്റില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ്. ഇത്തരം ഓഡിയോ ഫയലുകളില്‍ അശ്ശീല ഉള്ളടക്കം വരെയുണ്ടാകാമെന്നും സൂചനകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എന്തിനാണ് ഇത്തരം ഫയലുകള്‍ പകര്‍ത്തണമെന്ന് ഫേസ്ബുക്ക് ആവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. മാത്രമല്ല തങ്ങള്‍ ഉപയോക്താക്കളുടെ ഓഡിയോ ഫയല്‍ പകര്‍ത്തുന്നുണ്ടെന്ന് ഫേസ്ബുക്ക് സമ്മതിച്ചിരുന്നുവെങ്കിലും എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.

ഫേസ്ബുക്ക് മെസഞ്ചറിലൂടെ വോയിസ് സന്ദേശങ്ങള്‍ അയച്ചവര്‍ക്കായിരിക്കും ഇത് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുക. മാത്രമല്ല ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സന്ദേശങ്ങള്‍ കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ടോ എന്ന കാര്യത്തിലും പരിശോധന നടക്കുകയാണ്.  സമൂഹ മാധ്യമ ഭീമനായ ഫേസബുക്ക് അഞ്ചു ബില്യണ്‍ യുഎസ് ഡോളര്‍ (34280 കോടി ഇന്ത്യന്‍ രൂപ) പിഴയടക്കാന്‍ ഏതാനും ആഴ്ച്ച മുന്‍പാണ് ഉത്തരവ് വന്നത്. സ്വകാര്യതാ ലംഘനം സംബന്ധിച്ചുള്ള അന്വേഷണത്തിന് പിന്നാലെയാണ് കമ്പനി പിഴയടയ്ക്കണമെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) ഉത്തരവ് ഇറക്കിയിരിക്കുന്നത്.

കമ്പനി പിഴയടയ്ക്കണമോ എന്നതില്‍ എഫ്ടിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വേണം എന്നതില്‍ റിപ്പബ്ലിക്കന്‍ വിഭാഗം വക മൂന്നും ഡെമോക്രാറ്റ് വിഭാഗത്തില്‍ നിന്നും രണ്ടും വോട്ടുകളാണ് തേടിയെത്തിയത്. വിഷയമിപ്പോള്‍ യുഎസ് നീതി വകുപ്പിന് കൈമാറിയിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സംഭവത്തില്‍ പ്രതികരിക്കാന്‍ എഫ്ടിസിയും ഫേസ്ബുക്കും തയാറായിട്ടില്ല. 

എന്നാല്‍ സംഭവം രമ്യയതില്‍ അവസാനിപ്പിക്കാന്‍ അഞ്ചു ബില്യണ്‍ യുഎസ് ഡോളര്‍ അടയ്‌ക്കേണ്ടി വരുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ ഏപ്രിലില്‍ അറിയിച്ചിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ 87 മില്യണ്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന് ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കെതിരെ പരാതി വന്ന് മാസങ്ങള്‍ മാത്രം പിന്നിടുന്ന വേളയിലാണ് ഫേസ്ബുക്കിനെതിരെയും സ്വകാര്യത സംബന്ധിച്ച് നിയമക്കുരുക്ക് മുറുകുന്നത്.

Related Articles

© 2025 Financial Views. All Rights Reserved