സോഷ്യല്‍ മീഡിയക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍; മൂന്ന് മാസത്തിനകം പുതിയ നിയമം

October 22, 2019 |
|
News

                  സോഷ്യല്‍ മീഡിയക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍; മൂന്ന് മാസത്തിനകം പുതിയ നിയമം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് മാസത്തിനകം പുതിയ നിയമം നിര്‍മ്മിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചു.വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായിട്ടാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നയരൂപീകരണത്തിന്റെ കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞത്.

കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് മൂന്ന് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഈ സമയം നീട്ടിചോദിക്കുകയാണ് കേന്ദ്രം ഇന്നത്തെ സത്യവാങ്ങ്മൂലത്തിലൂടെ ചെയ്തിരിക്കുന്നത്.

സമൂഹ്യമാധ്യമങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് തന്നെയായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നിലവില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും വ്യാജപ്രചാരണവും തടയാന്‍ എന്തൊക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇനി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം.

Related Articles

© 2024 Financial Views. All Rights Reserved