
ന്യൂഡല്‍ഹി:ജപ്പാനിലെ സോഫ്റ്റ് ബാങ്ക് റിലയന്‍സ് ജിയോയുടെ ഓഹരികള്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് മുതല്‍ മൂന്ന് ബില്യണ്‍ ഡോറിന് നിക്ഷേപം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സോഫ്റ്റ് ബാങ്കും, റിലയന്‍സ് ജിയോയും തമ്മില്‍ നടക്കാന്‍ പോകുന്ന ഇടപാടിനെ പറ്റി ജെപി മോര്‍ഗനാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് സൂചന.
അതേസമയം വിവിധ രാജ്യങ്ങളില്‍ ജാപ്പനീസ് നിക്ഷേപ കമ്പനിയായ സോഫ്റ്റ് ബാങ്കിന് ടെലികോം ബിസിനസ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ സാമ്പത്തിക ബാധ്യത കുറക്കാന്‍ വേണ്ടിയാണ് ഓഹരി ഇടപാടുകള്‍ നടത്തുന്നത്. റിലയന്‍സ് ജിയോയുടെ കടം ഏകദേശം 76,212 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2019 മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുകളാണിത്. അതേസമയം ഓഹരി വില്‍ക്കുന്നതിനെ പറ്റി കമ്പനി അധികൃതര്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നാണ് വിവരം.