
ന്യൂഡല്‍ഹി: ഊബറിലെ നാലര കോടി ഓഹരികള്‍ വില്‍ക്കാന്‍ സോഫ്റ്റ്ബാങ്ക് തീരുമാനിച്ചു. റോയിട്ടേര്‍സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യൂബറിന്റെ ഓഹരി വില 4.6 ശതമാനം ഇടിഞ്ഞ് 44 ഡോളറിലെത്തി. സോഫ്റ്റ്ബാങ്കിന്റെ പക്കലുള്ള ഓഹരികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 30 ദിവസമാണ് ലോക്ക് അപ്പ് പിരീഡ്. യൂബറിന്റെ പ്രവര്‍ത്തനത്തിലുള്ള അസംതൃപ്തിയല്ല, മറിച്ച് കമ്പനിയുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിച്ച് കുറച്ച് ലാഭം നേടുകയാണ് സോഫ്റ്റ്ബാങ്കിന്റെ ലക്ഷ്യമെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
നേരത്തെ പുറത്തുവന്ന വാര്‍ത്തകളില്‍ ദിദി ഗ്ലോബല്‍, അലിബാബ എന്നിവയില്‍ നിന്ന് നേരിട്ട നഷ്ടം നികത്താനാണ് സോഫ്റ്റ്ബാങ്കിന്റെ ശ്രമം എന്ന് വാദം ഉയര്‍ന്നിരുന്നു. ഈ മാസം മാത്രം ദിദി ഗ്ലോബലിന്റെ ഓഹരിവില 37 ശതമാനം ഇടിഞ്ഞു. അലിബാബയുടെ നഷ്ടം 14 ശതമാനമാണ്. ഓഹരികള്‍ വിറ്റഴിക്കുന്നതോടെ സോഫ്റ്റ്ബാങ്കിന്റെ പക്കലുള്ള യൂബര്‍ ഓഹരികള്‍ 10 കോടിയായി കുറയും. എന്തായാലും ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം സോഫ്റ്റ്ബാങ്കിന് നേട്ടമായിട്ടുണ്ട്. ബാങ്കിന്റെ ഓഹരിയില്‍ 4.1 ശതമാനം വര്‍ധനവാണ് ഉണ്ടായത്.