
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴില്‍ കെംമ്പഗൗഡ വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം. ഇതോടെ വിമാനത്താവളത്തിന് സമീപത്ത് വിവിധ സൌകര്യങ്ങളോടെ മൂന്ന് കോടിയുടെ പദ്ധതിയാണ് പ്രാബല്യത്തില്‍ വരുന്നത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് കെഐഎ ഹാള്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഡൊഡ്ഡജല, ദേവനഹള്ളി സ്റ്റേഷനുകള്‍ക്കിടയിലാണ് പുതിയ ഹാള്‍ട്ട് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് 3.5 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 28,000 ഓളം വരുന്ന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഫലപ്രദമാകുമെന്നാണ് കരുതുന്നത്.
ഈ റൂട്ടിലെ ട്രെയിന്‍ ഷെഡ്യൂളുകളെ അടിസ്ഥാനമാക്കിയുള്ള ഹാള്‍ട്ട് സ്റ്റേഷനും എയര്‍പോര്‍ട്ട് ടെര്‍മിനലിനുമിടയില്‍ ഷട്ടില്‍ സര്‍വീസുകളുമാണ് നടത്തുക. കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്റെ ചിത്രം ഇന്ത്യന്‍ റെയില്‍വേ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ബെംഗളൂരു വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും മികച്ച യാത്രാ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യും. ഈ സ്ഥലത്തെ ഹാള്‍ട്ട് സ്റ്റേഷനുകളും ആധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിന് സമീപം വരുന്ന ഒരു ഹാള്‍ട്ട് സ്റ്റേഷന്റെ ദൃശ്യങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന നഗരമായ ബെംഗളൂരുവില്‍ ഗുരുതര യാത്രാ പ്രശ്‌നങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.
കഴിഞ്ഞ ഒരു പതിറ്റാണ്ടലധികമായി ജനങ്ങളില്‍ നിന്നുയരുന്ന ആവശ്യമാണ് വിമാനത്താവളത്തിലേക്ക് ഒരു പൊതുഗതാഗത ശൃംഖല ഒരുക്കണമെന്നുള്ളത്. നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലേക്കെത്താന്‍ റോഡ് ഗതാഗതത്തെയും സ്വകാര്യ കാറുകളെയുമാണ് യാത്രക്കാര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. പ്രധാനമായും ടാക്‌സികളാണ് യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നത്.
ബിയാല്‍ ഓരോ 15 മിനിറ്റിലും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ ബെംഗളൂരു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അശോക് കുമാര്‍ വര്‍മ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി ഹാള്‍ട്ട് സ്റ്റേഷനിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടത്തും. ഇതോടെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കെത്താന്‍ എട്ട് മിനിറ്റ് സമയം മാത്രമാണെടുക്കുക.
വിമാനത്താവളത്തിലേക്ക് മൂന്ന് ജോഡി ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പദ്ധതിയിടുന്നത്. യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുന്ന തരത്തില്‍ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും മൂന്ന് ജോഡി ട്രെയിനുകള്‍ ഓടിക്കാനുള്ള സാധ്യതയും ഇതോടെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പരിശോധിക്കുന്നുണ്ട്. ഒരു ട്രെയിന്‍ ക്രാന്തിവേര സംഗൊല്ലി റായന്ന ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 4.45 നും മറ്റൊരു ട്രെയിന്‍ രാത്രി 9 നും പുറപ്പെടും. മൂന്നാമത്തെ ട്രെയിന്‍ യെലഹങ്കയില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടും. മടക്കയാത്രയ്ക്കായി ദേവനഹള്ളിയില്‍ നിന്ന് രാവിലെ 6.30, രാവിലെ 7.45, രാത്രി 10.30 ന് ട്രെയിനുകള്‍ പുറപ്പെടും.