
ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ രാജ്യത്ത് എവിടെയും പണമിടപാടുകള്‍ സാധ്യമാക്കുന്ന പ്രത്യേക സംവിധാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടനെ അവതരിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. നിലവില്‍ യുപിഐ, ഐഎംപിഎസ്, ആര്‍ടിജിഎസ് തുടങ്ങീ എല്ലാ ഇടപാടുകള്‍ക്കും ഇന്റര്‍നെറ്റ് ആവശ്യമാണ്. എന്നാല്‍ പുതിയ സംവിധാനം എത്തുന്നതോടെ ഓഫ്ലൈനായി തന്നെ മുകളില്‍ പറഞ്ഞ ഇടപാടുകളെല്ലാം സാധ്യമാകുമെന്നാണു വിലയിരുത്തല്‍. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇടപെടല്‍. വിദൂര ഗ്രാമങ്ങളിലടക്കം ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാകാത്തത് ഇന്റര്‍നെറ്റിന്റെ അപര്യാപ്തത മൂലമാണെന്ന വിലയിരുത്തലും ഓഫ്ലൈന്‍ ഇടപാടുകള്‍ക്കു കരുത്തു പകരുന്നുണ്ട്.
ഇന്റര്‍നെറ്റ് സേവനം കുറവുള്ള/ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും റീട്ടെയില്‍ ഡിജിറ്റല്‍ പേമെന്റുകള്‍ സാധ്യമാക്കുന്ന നൂതന സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ നടത്താനുള്ള പദ്ധതി 2020 ഓഗസ്റ്റ് ആറിനു പ്രഖ്യാപിച്ച വികസന, നിയന്ത്രണ നയങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ. വ്യക്തമാക്കുന്നുണ്ട്. 2020 സെപ്റ്റംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഇത്തരം പരീക്ഷണങ്ങള്‍ വിജയം കണ്ടതായാണ് സൂചന. 1.16 കോടി രൂപ മൂല്യം വരുന്ന 2.41 ലക്ഷം ഇടപാടുകളാണ് ഓഫ്ലൈനില്‍ നടത്തിയത്.
പരീക്ഷണം വിജയം കണ്ട സാഹചര്യത്തില്‍ പദ്ധതി രാജ്യത്ത് മുഴുവനായും ഉടനെ നടപ്പാക്കിയേക്കും. ഇതിനായി ഒരു പൊതുമാര്‍ഗരേഖ തയാറാക്കേണ്ടതുണ്ട്. ഓഫ്‌ലൈന്‍ മോഡില്‍ ചെറിയ മൂല്യമുള്ള റീട്ടെയില്‍ ഇടപാടുകള്‍ സാധ്യമാക്കിയത് കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ഉപയോഗിച്ചാണ്. നിലവില്‍ നടത്തിയ ഓഫ്ലൈന്‍ പേമെന്റുകളുടെ ഉയര്‍ന്ന പരിധി 200 രൂപയും മൊത്തം ഓഫ്ലൈന്‍ പോമെന്റുകളുടെ പരിധി 2000 രൂപയുമാണ്.
ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഒന്നിലധികം സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാരും ആര്‍.ബി.ഐയും ഇതുവരെ ഉറപ്പുവരുത്തിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇത് ആവശ്യവുമായിരുന്നു. ഇന്റര്‍നെറ്റ് സേവനം കൃത്യമല്ലാത്ത ഗ്രാമങ്ങളില്‍ ഇത്തരം അധികം സുരക്ഷാ മാനദണ്ഡങ്ങള്‍ ആവശ്യമില്ല. ഇടപാടുകള്‍ ഓഫ്ലൈനില്‍ തന്നെ സാധ്യമാകുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നാണു വിലയിരുത്തല്‍.