ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബുമായി കേരളം

September 17, 2021 |
|
News

                  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബുമായി കേരളം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉല്‍പ്പന്നവികസന കേന്ദ്രമായ ഡിജിറ്റല്‍ ഹബ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഈ അത്യാധുനിക കെട്ടിട സമുച്ചയത്തില്‍ പുത്തന്‍ സാങ്കേതികവിദ്യയിലൂന്നിയ ഇന്‍കുബേറ്ററുകള്‍, ആക്സിലറേറ്ററുകള്‍, മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവയാണ് സജ്ജീകരിക്കുക. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടസമുച്ചയം ആരംഭിക്കുന്നത് കളമശ്ശേരി, ടെക്നോളജി ഇനോവേഷന്‍ സോണിലാണ്. നിലവില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലുള്ള 165 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ 200 സ്റ്റാര്‍ട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളാനാകുമെന്നാണ് പറയുന്നത്. ഈ സമുച്ചയത്തില്‍ ഡിസൈന്‍ ഇന്‍കുബേറ്റര്‍, ഹെല്‍ത്ത്കെയര്‍ ഇന്‍കുബേറ്റര്‍, മൗസര്‍ ഇലക്ട്രോണിക്സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈന്‍ സ്റ്റുഡിയോകള്‍, നിക്ഷേപകര്‍ക്കായുള്ള പ്രത്യേക സംവിധാനം, ഇനോവേഷന്‍ കേന്ദ്രം, എന്നിവയടങ്ങുന്ന ഡിജിറ്റല്‍ ഹബ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

രൂപകല്‍പ്പനയ്ക്കും മാതൃകാവികസനത്തിനുമുള്ള ഏറ്റവും വലിയ കേന്ദ്രമായി മാറുന്നതോടെ ലോകോത്തര ഉത്പാദകരും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇവിടേക്കെത്തുമെന്ന് കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. നിര്‍മ്മിതബുദ്ധി, റോബോടിക്സ,് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ലാംഗ്വേജ് പ്രൊസസിംഗ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. തുടക്കത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാര്‍ട്ടപ്പുകളാകും ഇവിടെ പ്രവര്‍ത്തിക്കുക. ആശയരൂപീകരണം മുതല്‍ ഉല്‍പ്പന്നത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള മാതൃകാരൂപകല്‍പ്പന വരെ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സൂപ്പര്‍ഫാബ് ലാബ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ യുവാക്കളില്‍ രൂപകല്‍പ്പന അഭിരുചി വളര്‍ത്താനും അതോടൊപ്പം ദ്രുതഗതിയില്‍ ഉത്പന്നങ്ങളുടെ മാതൃകാരൂപീകരണം നടത്താനും ഡിജിറ്റല്‍ ഹബ് സഹായിക്കും. നിലവിലുള്ള ഫാബ് ലാബ്, മിനി ഫാബ് ലാബ് എന്നിവയുടെ സഹായത്തോടെ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനം പുതുതായി വരുന്ന സ്റ്റുഡിയോകള്‍ക്ക് ഉപയോഗപ്പെടുത്താം. പ്രതിഭകളെ കണ്ടെത്താനും സ്വകാര്യ മാതൃകാരൂപകല്‍പ്പനാ കേന്ദ്രങ്ങള്‍ ആരംഭിക്കാനും സാധിക്കും. നിലവിലെ അന്തരീക്ഷത്തില്‍ നിരവധി ആവശ്യക്കാരാണ് ഈ മേഖലയിലുള്ളത്.
സംസ്ഥാനത്തേക്ക് വരാനാഗ്രഹിക്കുന്ന ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രതിബന്ധങ്ങള്‍ ഡിജിറ്റല്‍ ഹബിന്റെ വരവോടെ ഇല്ലാതാകും. ഇതോടെ ഡിസൈനര്‍മാര്‍ക്കും പുതിയ പ്രതിഭകള്‍ക്കും കൂടുതല്‍ അവസരങ്ങളും കൈവരും. വാണിജ്യാവശ്യത്തിനുള്ള മാതൃകാരൂപകല്‍പനയ്ക്കുള്ള അവസരം ഏറുകയും അതുവഴി കൂടുതല്‍ ഉപഭോക്തൃ അടിത്തറ ഉണ്ടാകുകയും ചെയ്യും.

Related Articles

© 2025 Financial Views. All Rights Reserved