
സുരക്ഷിത സ്വര്‍ണ നിക്ഷേപമായ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസിന്റെ വിതരണം തിങ്കളാഴ്ച ആരംഭിച്ചു. 2020-21 ലെ അഞ്ചാം ഘട്ട സബ്സ്‌ക്രിപ്ഷനാണ് തുടങ്ങിയിരിക്കുന്നത്. ഗ്രാമിന് 5,334 രൂപയാണ് ഇത്തവണ ബോണ്ടിന്റെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. ആഗസ്റ്റ് 7 വരെയാണ് ബോണ്ടിനായി അപേക്ഷിക്കാന്‍ കഴിയുക. ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണവിലക്കയറ്റത്തോടനുബന്ധിച്ച് ഗോള്‍ഡ് ബോണ്ടിന്റെ ഏറ്റവും ചെറിയ സബ്സ്‌ക്രിപ്ഷന് ഉള്ളത്. ആഗസ്റ്റ് 11 ആണ് സെറ്റില്‍മെന്റ് തീയതി.
ഓണ്‍ലൈനായും ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയും അപേക്ഷിക്കുന്നവര്‍ക്ക് ഇത്തവണയും ഇഷ്യു നിരക്കില്‍ ഗ്രാമിന് 50 രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത്തരം നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യു നിരക്ക് ഗ്രാമിന് 5,284 രൂപയായിരിക്കും. വിതരണം തുടങ്ങുന്നതിന് മുമ്പുള്ള മൂന്ന് വ്യാപാര ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ് വില അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ നിരക്ക് നിശ്ചയിക്കുന്നത്.
വിശദാംശങ്ങള്‍
സുരക്ഷിതമായ സ്വര്‍ണം നിക്ഷേപിക്കാവുന്ന മികച്ച മാര്‍ഗമെന്ന നിലയിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ (എസ്ജിബി) തെരഞ്ഞെടുക്കാറുള്ളത്. ദീര്‍ഘകാല സ്വര്‍ണ്ണ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ കാലാവധി എട്ട് വര്‍ഷമാണ്. സ്വര്‍ണ്തതിന്റെ ആഭ്യന്തര വിലകള്‍ പുതിയ ഉയരങ്ങളിലെത്തുന്ന സമയത്താണ് സര്‍ക്കാര്‍ സ്വര്‍ണ്ണ ബോണ്ടുകള്‍ ഇറക്കുന്നത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയും ബോണ്ടുകളുടെ വ്യാപാരം നടത്താം. ഗോള്‍ഡ് ബോണ്ടുകള്‍ക്ക് രാജ്യത്തെവിടെയും ഒരേ വിലയായിരിക്കും. ബോണ്ടുകളില്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണമാണ്. നാല് കിലോഗ്രാം വരെ സ്വര്‍ണം നിക്ഷേപിക്കാന്‍ വ്യക്തികള്‍ക്ക് അവസരമുണ്ട്. നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ 2.50% വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ബോണ്ട് ഉള്ളവരെ പലിശ വരിക്കാരുടെ വരുമാനത്തില്‍ ചേര്‍ക്കുകയും അതിനനുസരിച്ച് നികുതി ഏര്‍പ്പെടുത്തുകയും ചെയ്യും. ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ അവസരമുണ്ട്. മെച്യൂരിറ്റി സമയത്ത് മൂലധന നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് നികുതി രഹിതമാണ്. ബോണ്ട് പണമാക്കി മാറ്റുമ്പോഴും ഐബിജെഎ ലിമിറ്റഡിന്റെ മുന്‍ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരി തന്നെയാകും ലഭിക്കുക. വായ്പകള്‍ക്ക് ഈടായി ഈ ബോണ്ടുകള്‍ നല്‍കാം. സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡ് ഇടിഎഫ് ,ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.