
മുംബൈ: കൊറോണ വൈറസ് വ്യാപനം മൂലം വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായതിനെത്തുടർന്ന് ശമ്പളം രണ്ട് ഭാഗങ്ങളായി ലഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് ജീവനക്കാരോട് പറഞ്ഞു. അതേസമയം വരുമാനക്കുറവ് കാരണം മാർച്ചിൽ ശമ്പളം വെട്ടിക്കുറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നടപടി. മാർച്ചിലെ ശമ്പളത്തിൽ 10-30 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കമ്പനി അറിയിച്ചിരുന്നു.
ചില ജീവനക്കാർക്ക് കുറച്ച് രൂപ മാത്രമാണ് ശമ്പളമായി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ കമ്പനി നൽകിയതെന്ന് സ്‌പൈസ് ജെറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചില ജീവനക്കാരുടെ ശമ്പളം രണ്ട് ഭാഗങ്ങളായി ക്രെഡിറ്റ് ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ട്. ശമ്പളത്തിന്റെ ആദ്യ ഭാഗം ഇന്ന് ക്രെഡിറ്റ് ചെയ്യപ്പെടും. രണ്ടാം ഭാഗം 2020 ഏപ്രിൽ 2 നായിരിക്കും ക്രെഡിറ്റ് ചെയപ്പെടുന്നതെന്ന് ഒരു സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
അതേസമയം മാർച്ചിൽ ജീവനക്കാർക്ക് 30 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചതായി സ്‌പൈസ് ജെറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എയർലൈൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗിനാണ് 30 ശതമാനം തോതിൽ ഏറ്റവും ഉയർന്ന ശമ്പള കുറവ് വരുന്നത്. മാരകമായ കോവിഡ്-19 (കൊറോണ വൈറസ് രോഗം) നേരിടാൻ രാജ്യം പൂട്ടിയിരിക്കുന്നതിനാൽ മാർച്ച് 25 മുതൽ മാർച്ച് 31 വരെ ജീവനക്കാരെ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാൻ പോകുകയാണെന്ന് നേരത്തെ തന്നെ ബജറ്റ് കാരിയറായ സ്‌പൈസ് ജെറ്റ് അറിയിച്ചു. അതേസമയം ഏറ്റവും കുറഞ്ഞ ശമ്പള ഗ്രേഡിലുള്ള ഞങ്ങളുടെ സഹപ്രവർത്തകരെ ഈ തീരുമാനം ബാധിക്കില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനാൽ അവർക്ക് ശമ്പളം വെട്ടിച്ചുരുക്കൽ നേരിടേണ്ടി വരില്ല എന്ന് സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.
കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ഇന്ത്യ 21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ആഭ്യന്തര, അന്തർദ്ദേശീയ വാണിജ്യ യാത്രാ വിമാനങ്ങൾ ഉൾപ്പെടെ എല്ലാ വിമാനങ്ങളും ഈ കാലയളവിൽ നിർത്തിവച്ചിരിക്കുന്നു. മറ്റ് പല രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ, കാർഗോ ഫ്ലൈറ്റുകൾ, ഓഫ്‌ഷോർ ഹെലികോപ്റ്റർ പ്രവർത്തനങ്ങൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയിൽ നിന്ന് പ്രത്യേക അനുമതി നേടിയ വിമാനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ലോക്ക്ഡൗൺ സമയത്ത് പ്രവർത്തിക്കാൻ അനുമതിയുള്ളത്.