അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക

April 04, 2022 |
|
News

                  അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക

കൊളംബോ: ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്. വാട്സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. രാജ്യത്ത് ലഭ്യമായ മിക്ക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളേയും വരും ദിവസങ്ങളില്‍ വിലക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. യൂട്യൂബ്, ടോക്ക് ടോക്ക്, സ്‌നാപ്ചാറ്റ്, വൈബര്‍, ടെലഗ്രാം എന്നിവയേയും ഭാഗികമായി വിലക്കിയിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ നിരീക്ഷണ കമ്പനിയായ നെറ്റ് ബ്ലോക്ക്‌സ് വ്യക്തമാക്കി.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രതിപക്ഷം നടത്താനിരുന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയ്ക്ക് മുന്നോടിയായിട്ടാണ് അടിയന്തരാവസ്ഥയും, 36 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചത്. ഒരു മാസമാണ് പ്രഖ്യാപനത്തിന്റെ പ്രാബല്യം. പതിനാലു ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കാത്ത പക്ഷം അടിയന്തരാവസ്ഥ റദ്ദാകും.

1948ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം അനുഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയില്‍ ഇപ്പോഴുള്ളത്. അവശ്യ വസ്തുക്കളുടെ ക്ഷാമം, അതിരൂക്ഷമായ വിലകയറ്റം, മണിക്കൂറുകളോളം നീളുന്ന പവര്‍ കട്ട് തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ 22 ദശലക്ഷത്തിലധികം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും 3.40 കോടി ലിറ്റര്‍ ഡീസലും, 40,000 ടണ്‍ അരിയും ശ്രീലങ്കയില്‍ എത്തിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved