ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണം ഇല്ലാതെ ശ്രീലങ്ക

January 03, 2022 |
|
News

                  ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണം ഇല്ലാതെ ശ്രീലങ്ക

ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ പോലും പണം ഇല്ലാതെ ശ്രീലങ്ക പ്രതിസന്ധിയില്‍. ഭക്ഷ്യ വസ്തുക്കള്‍ക്ക് തീ പിടിച്ച വില. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ക്യൂ നിന്നാലും പാല്‍പ്പൊടിയും പഞ്ചസാരയും ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ എല്ലാം റേഷന്‍ നല്‍കുന്നത് പോലെ അളന്ന് തൂക്കിയേ കൊടുക്കൂ. അവശ്യ വസ്തുക്കള്‍ എല്ലാം തന്നെ റേഷന്‍ നല്‍കുന്നത് പോലെ തന്നെയാണ് കടകളിലും നല്‍കുന്നത്.

മത്സ്യത്തിനും പച്ചക്കറിക്കും ഒക്കെ തീ വില തന്നെ നല്‍കണം. റസ്റ്റോറന്റുകളിലും ഹോട്ടലിലും എല്ലാം ചോറിനു പോലും വന്‍ വിലയാണ് ഈടാക്കുന്നത്. അരി വിലയും മുകളിലേക്ക് തന്നെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ തന്നെ കടന്നു പോകുകയാണ് ശ്രീലങ്ക. ഡിസംബറില്‍ 12.1 ശതമാനമായി ആണ് പണപ്പെരുപ്പം ഉയര്‍ന്നത്. മുന്‍ മാസത്തേക്കാള്‍ ഒന്‍പത് ശതമാനത്തിലധികം വര്‍ധനയാണ് പണപ്പെരുപ്പത്തില്‍ ഉള്ളത്. ഏറ്റവുമധികം വില വര്‍ധനന ഭക്ഷ്യ വസ്തുക്കള്‍ക്കാണ്. 22 ശതമാനമാണ് വില ഉയര്‍ന്നിരിക്കുന്നത്. 2013-ന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയില്‍ ഭക്ഷ്യ വസ്തുക്കളുടെ വില ഇത്രയും കുതിക്കുന്നത്. രണ്ട് ലക്ഷം കോടി രൂപയിലധികമാണ് ശ്രീലങ്കയുടെ കടബാധ്യത. പിന്നെ ഇറക്കുമതി ചെലവുകള്‍ക്കായി നല്‍കാന്‍ കാര്യമായി ഒന്നുമില്ല.

കൊവിഡാണ് ശ്രീലങ്കയെ തകര്‍ത്തത്. പൂര്‍ണമായും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചിരുന്ന ശ്രീലങ്കയില്‍ കൊവിഡ് പടര്‍ന്നത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ ആണ് ഇറക്കുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കാര്യമായ നടപടികള്‍ ഒന്നുമില്ലാതെ മൗനത്തിലാണ് സര്‍ക്കാരും. ഗോതാബയ രാജപക്‌സെയാണ് ശ്രീലങ്കിന്‍ പ്രസിഡന്റ്.

ബാഹ്യ സമ്പദ് വ്യവസ്ഥ നോക്കുമ്പോള്‍ ശ്രീലങ്ക പാപ്പരായിക്കൊണ്ടിരിക്കുമ്പോഴും ആഭ്യന്തര സമ്പദ്വ്യവസ്ഥ താരതമ്യം ചെയ്താല്‍ ശ്രീലങ്കക്ക് തിരിച്ചു വരവിനുള്ള സാധ്യതകള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ ശക്തമായ സര്‍ക്കാര്‍ നടപടികളും, സാമ്പത്തിക പുനരുജ്ജീവന പാക്കേജുകളും ഇതിന് ആവശ്യമായി വരും. . ശ്രീലങ്കന്‍ സര്‍ക്കാര്‍ പാപ്പരായാല്‍ ആഭ്യന്തര സമ്പദ്വ്യവസ്ഥയും തകിടം മറിയും.. നികുതി വഴി കൂടുതല്‍ വരുമാനം കണ്ടെത്താന്‍ കഴിയാതെ വരുന്നതും കൂടുതല്‍ പണം അച്ചടിക്കാന്‍ കഴിയാതെ വരുന്നതും പ്രതിസന്ധിയണ്.

സാമ്പത്തിക വളര്‍ച്ച താഴ്ന്ന നിലയിലാണെങ്കിലും, രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം ഒന്‍പത് ശതമാനം നിരക്കില്‍ നികുതി വരുമാനം ഇനിയും ഉയര്‍ത്താനാകും. പണപ്പെരുപ്പം ഇപ്പോഴും 15 ശതമാനത്തി ല്‍ താഴെയാണ്, ഇടപാടുകള്‍ നടത്തുന്നതിന് കറന്‍സി നിരസിക്കുന്നതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. അതിനാല്‍, ശ്രീലങ്കന്‍ ഗവണ്‍മെന്റിന് ഏതാനും മാസങ്ങള്‍ക്കിടയില്‍ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയും. പക്ഷേ സര്‍ക്കാര്‍ അതിന് തയ്യാറാകണം എന്നു മാത്രം.

Related Articles

© 2025 Financial Views. All Rights Reserved