നിക്ഷേപം നടത്തുന്നവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ച് ശ്രീലങ്ക

March 11, 2022 |
|
News

                  നിക്ഷേപം നടത്തുന്നവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ച് ശ്രീലങ്ക

രാജ്യത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ള സഞ്ചാരികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി ശ്രീലങ്ക. നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും ഇത് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും യുവജന, കായിക മന്ത്രി നമല്‍ രാജപക്സെ പറഞ്ഞു.

ദീര്‍ഘകാല വിസ സമ്പ്രദായം ശ്രീലങ്കയില്‍ ജോലി ചെയ്യാനും നിക്ഷേപിക്കാനും പ്രൊഫഷണലുകളെയും വിദഗ്ധരെയും പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ ഏജന്‍സിയായ ദി ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് പ്രകാരം 2026ഓടെ മൂന്ന് ബില്യണ്‍ യു.എസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്.

അതിനായി 2022 മുതല്‍ 2026 വരെ തന്ത്രപരമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞമാസമാണ് ശ്രീലങ്ക വിദേശ സഞ്ചാരികള്‍ക്കായി തുറന്നത്. ഇവിടേക്ക് വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, വിസ, 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് എന്നിവ ആവശ്യമാണ്. രാജ്യം സന്ദര്‍ശിക്കാനും അവിടത്തെ അത്ഭുതങ്ങള്‍ അടുത്തറിയാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇനി നിക്ഷേപ സാധ്യത കൂടിയാണ് തുറക്കുന്നത്. അതിമനോഹരമായ ബീച്ചുകള്‍ മുതല്‍ തേയിലത്തോട്ടങ്ങള്‍ വരെയുള്ള ഏഷ്യയിലെ മികച്ച ഡെസ്റ്റിനേഷനാണ് ശ്രീലങ്ക.

Read more topics: # Sri Lanka,

Related Articles

© 2025 Financial Views. All Rights Reserved