
കേരളത്തില്‍ നിന്നുള്ള തിരക്കേറിയ അന്താരാഷ്ട്ര സര്‍വീസുകളില്‍ ഒന്നായ കൊളംബോ വിമാനം കൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് തുടങ്ങി. ഒന്നര വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ ഏഴ് സര്‍വീസ് കൊച്ചിയില്‍ നിന്ന് തുടങ്ങുന്നത്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ചെലവുകുറഞ്ഞ യാത്ര നടത്താന്‍ സൗകര്യമൊരുക്കുന്ന കൊളംബോ സര്‍വീസ് ദിവസവുമുള്ളത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യുഎല്‍ 165/166 വിമാനം തിങ്കള്‍ മുതല്‍ ശനി വരെ ദിവസവും രാവിലെ 9.45ന് കൊളംബോയില്‍ നിന്ന് കൊച്ചിയിലെത്തി 10.45നും, ഞായര്‍ രാവിലെ 8.45ന് എത്തി 9.45 നും മടങ്ങും. ഇതിനിടയില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം തുടര്‍ച്ചയായി മൂന്നാം മാസവും ദേശീയാടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ജൂലൈയില്‍ 85,395 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലുണ്ടായിരുന്നത്. ആഗസ്തില്‍ 1,57,289 പേരും സെപ്തംബറില്‍ 1,94,900 പേരും സിയാല്‍ കൊച്ചി വിമാനത്താവളത്തിലൂടെ കടന്ന് പോയി. ഒക്ടോബറില്‍ മറ്റ് അന്താരാഷ്ട്ര സര്‍വീസുകളും കൊച്ചിയില്‍നിന്ന് ആരംഭിക്കും.
സെപ്തംബറില്‍ രാജ്യാന്തര വിമാനയാത്രക്കാരുടെയും സര്‍വീസുകളുടെയും എണ്ണത്തില്‍ വലിയ പുരോഗതി ഉണ്ടായതായി സിയാല്‍ എം.ഡി. എസ്.സുഹാസ് പറഞ്ഞു. നവംബറോടെ കൊവിഡിന് മുന്‍പുള്ള സമയത്തെ 70 ശതമാനമെങ്കിലും രാജ്യാന്തര സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് തുടങ്ങാന്‍ കഴിയും. ചെയര്‍മാന്റേയും ബോര്‍ഡിന്റേയും നിര്‍ദേശാനുസരണം, കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും സുഹാസ് പറഞ്ഞു.