
ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി സ്റ്റാലിന്‍ സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉള്‍പ്പടെ ഊന്നല്‍ നല്‍കി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. ആറ് മുതല്‍ 12-ാം ക്ലാസുവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഐഐടി, ഐഐഎസ്.സി, എയിംസ് എന്നീ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയാണെങ്കില്‍ ഇവരുടെ പഠനച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു.
എല്ലാ പെണ്‍കുട്ടികള്‍ക്കും പഠനത്തിനായി പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ബിരുദതല വരെയാകും ഇത്തരത്തില്‍ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുക. സാമൂഹ്യസുരക്ഷ, ഐ.ടി അടിസ്ഥാനമാക്കിയുള്ള ഭരണം, പാരിസ്ഥിതിക സുസ്ഥിരത, തുല്യത എന്നിവയില്‍ ഊന്നിയാണ് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
വീട്ടമ്മമാര്‍ക്ക് 1000 രൂപ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതി വൈകാതെ ഉണ്ടാവുമെന്നും തമിഴ്‌നാട് ധനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ സാമ്പത്തികബാധ്യത മൂലം തല്‍ക്കാലത്തേക്ക് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍, വൈകാതെ ഇതിനുള്ള നടപടികളുണ്ടാവുമെന്നും തമിഴ്‌നാട് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.