സ്റ്റാര്‍ ഇന്ത്യ ലാഭത്തിലേക്ക് തിരിച്ചെത്തി; ലാഭം 1,395 കോടി രൂപയായി

October 29, 2021 |
|
News

                  സ്റ്റാര്‍ ഇന്ത്യ ലാഭത്തിലേക്ക് തിരിച്ചെത്തി;  ലാഭം 1,395 കോടി രൂപയായി

വാള്‍ട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലാഭത്തിലേക്ക് തിരിച്ചെത്തി. ബിസിനസ് ഇന്റലിജന്‍സ് സ്ഥാപനമായ ടോഫ്ളര്‍ ആണ് ഇതു സംബന്ധിച്ച കണക്ക് പുറത്തു വിട്ടത്. 2020-21 സാമ്പത്തിക വര്‍ഷം 1,395 കോടി രൂപയാണ് സ്റ്റാറിന്റെ ലാഭം. മുന്‍വര്‍ഷം കമ്പനി 85.61 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

വരുമാനം ഉയര്‍ന്നില്ലെങ്കിലും ചെലവ് കുറഞ്ഞതാണ് സ്റ്റാറിന് നേട്ടമായത്. സ്റ്റാറിന്റെ വരുമാനം 13 ശതമാനം ഇടിഞ്ഞ് 12,026 കോടിയിലെത്തി. അതേ സമയം ചെലവ് 14,055.50 കോടിയില്‍ നിന്ന് 9,668 കോടിയായി കുറഞ്ഞു. എട്ട് ഭാഷകളിലായി 60 ടിവി ചാനലുകളാണ് സ്റ്റാര്‍ ഇന്ത്യയ്ക്ക് ഉള്ളത്.2020-21 സാമ്പത്തിക വര്‍ഷം സ്റ്റാറിന്റ പരസ്യവരുമാനത്തിലും ഗണ്യമായ ഇടിവുണ്ടായി. ഇക്കാലയളവില്‍ പരസ്യങ്ങളില്‍ നിന്ന് 5918 കോടി രൂപയാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തിന്റെ കുറവാണ് പരസ്യ വരുമാനത്തില്‍ ഉണ്ടായത്.

എന്നാല്‍ സബ്സ്‌ക്രിപ്ഷന്‍ ഇനത്തില്‍ സ്റ്റാറിന്റെ വരുമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായി. 4670 കോടി രൂപയാണ് വിവിധ സബ്സ്‌ക്രിപ്ഷനുകളിലൂടെ കമ്പനി നേടിയത്. അതേ സമയം ഡിസ്നിയുടെ കീഴിലുള്ള ഹോട്ട്സ്റ്റാറിന്റെ നഷ്ടം 66 ശതമാനം വര്‍ധിച്ച് 601 കോടിയായെന്നും ടോഫ്ളര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നോവി ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഹോട്ട്സ്റ്റാറിന്റെ പ്രവര്‍ത്തനം.

Related Articles

© 2025 Financial Views. All Rights Reserved