നേട്ടം കൊയ്ത് സ്റ്റാര്‍കോം ഇന്ത്യ; ബിസിനസില്‍ ഒന്നാമത് തന്നെ

December 21, 2021 |
|
News

                  നേട്ടം കൊയ്ത് സ്റ്റാര്‍കോം ഇന്ത്യ; ബിസിനസില്‍ ഒന്നാമത് തന്നെ

പബ്ലിസിസ് ഗ്രൂപ്പ് ഇന്ത്യയുടെ ഭാഗമായ സ്റ്റാര്‍കോം ഇന്ത്യയ്ക്ക് പുതിയൊരു പൊന്‍തിളക്കം. ആഗോള സ്വതന്ത്രഗവേഷണ സംഘടനയായ റെക്മയുടെ 'ന്യൂ ബിസിനസ് ബാലന്‍സ് 2021' റിപ്പോര്‍ട്ടില്‍ സ്റ്റാര്‍കോം ഇന്ത്യ ഒന്നാമതെത്തി. പുതിയ ബിസിനസുകള്‍ വിജയകരമായി പിടിക്കുന്ന ലോകത്തെ ഏറ്റവും മികച്ച മാധ്യമ ഏജന്‍സിയായി സ്റ്റാര്‍കോം ഇന്ത്യയെ റെക്മ തിരഞ്ഞെടുത്തു. രാജ്യാന്തരതലത്തില്‍ മാധ്യമ ഏജന്‍സികളെ വിലയിരുത്തുന്ന സംഘടനയാണ് റെക്മ. പാരീസ് കേന്ദ്രമായാണ് സംഘടനയുടെ പ്രവര്‍ത്തനം.

ഉപഭോക്തൃ ഉത്പന്നങ്ങള്‍ , പുതുതലമുറ ആപ്പ് സമ്പദ്വ്യവസ്ഥ എന്നീ വിഭാഗങ്ങളില്‍ കാഴ്ച്ചവെച്ച അത്യുജ്ജ്വല പ്രകടനം മുന്‍നിര്‍ത്തിയാണ് റെക്മയുടെ അംഗീകാരം സ്റ്റാര്‍കോം ഇന്ത്യയെ തേടിയെത്തുന്നത്. ഓട്ടോ, ഡയറക്ട് ടു കസ്റ്റമര്‍, ഫിന്‍ടെക്ക്, ഇ-കൊമേഴ്സ്, ഗെയിമിങ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലയന്റുമാര്‍ കമ്പനിക്കുണ്ട്.

നേരത്തെ, രാജ്യാന്തര ഏജന്‍സിയായ ഹ്യൂമണ്‍ എക്സ്പീരിയന്‍സും സ്റ്റാര്‍കോം ഇന്ത്യയ്ക്ക് ഉയര്‍ന്ന റേറ്റിങ് കല്‍പ്പിച്ചിരുന്നു. ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 14 പോയിന്റുകളുടെ വളര്‍ച്ച സ്റ്റാര്‍കോം ഇന്ത്യ കയ്യടക്കുന്നുണ്ട്. ബിസിനസിലെ ഊര്‍ജ്ജസ്വലത, ഘടന, ക്ലയന്റ് പ്രൊഫൈല്‍, വിഭവശേഷി തുടങ്ങിയ ഒന്നിലധികം സൂചകങ്ങള്‍ വിലയിരുത്തിയാണ് സ്റ്റാര്‍കോം ഇന്ത്യയുടെ റാങ്കിങ് ഹ്യൂമണ്‍ എക്സ്പീരിയന്‍സ് ഏജന്‍സി ഉയര്‍ത്തിയത്.

ലോകത്തെ ഏറ്റവും മികച്ച മാധ്യമ ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. പ്രശസ്തമായ റെക്മ റിപ്പോര്‍ട്ടില്‍ മുന്നിലെത്താന്‍ കഴിഞ്ഞതില്‍ കമ്പനിയേറെ അഭിമാനിക്കുന്നതായി സ്റ്റാര്‍കോം ഇന്ത്യയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രതി ഗംഗപ്പ പ്രതികരിച്ചു.

'മത്സരാധിഷ്ഠിത വിലനിര്‍ണയവും പദ്ധതികളുടെ കുറ്റമറ്റ നടത്തിപ്പും കമ്പനിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഒപ്പം ഡാറ്റ കേന്ദ്രീകൃതമായി എടുക്കുന്ന തീരുമാനങ്ങളും വിജയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ശക്തമായ വളര്‍ച്ച കമ്പനി മുന്നോട്ട് ഇനിയും തുടരും', രതി ഗംഗപ്പ കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ മാധ്യമ ഏജന്‍സികളെ വിലയിരുത്തുന്ന സ്വതന്ത്ര ഏജന്‍സിയാണ് റെക്മ. റെക്മയുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് ആഗോള പരസ്യദാതാക്കള്‍ മാധ്യമ ഏജന്‍സികളെ സമീപിക്കുന്നത്. നിലവില്‍ 500 -ലേറെ ആഗോള ഉപഭോക്താക്കള്‍ റെക്മയ്ക്കുണ്ട്. 90 രാജ്യങ്ങളില്‍ നിന്നായി 1,400 -ല്‍പ്പരം മാധ്യമ ഏജന്‍സികളെയാണ് റെക്മ പഠനവിധേയമാക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved