
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ഇന്ത്യയിലെ യുവസംരംഭകരെ ബാധിച്ചെന്ന് സര്‍വേ. 2019നെ അപേക്ഷിച്ച് 2020ല്‍ യുവസംരംഭകരില്‍ 85 ശതമാനം പേരുടേയും ബിസിനസിനെ പ്രതികൂലമായി ബാധിച്ചെന്നാണ് സര്‍വേ പറയുന്നത്. നീതി ആയോഗുമായി ചേര്‍ന്നാണ് ഇന്ത്യയിലെ യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം യുവസംരംഭകരില്‍ കൊവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതിനായി രാജ്യത്തെ ആയിരത്തോളം യുവസംരംഭകരെയാണ് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചത്. വ്യവസായത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുള്ള വിവിധ പങ്കാളികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സര്‍വേയോട് പ്രതികരിച്ചവരില്‍ 60 ശതമാനം പേരും കോവിഡ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയെന്നും 25 ശതമാനം പേര്‍ ഇത് മിതമായ പ്രഭാവം ഉണ്ടെന്നുമാണ് അഭിപ്രായപ്പെട്ടത്. കൊറോണ വൈറസിന്റെ തുടക്കത്തില്‍ മാത്രമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞതെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കൊറോണ വൈറസ് പ്രതിസന്ധിയ്ക്ക് ശേഷം തങ്ങളുടെ ബിസിനസ് വീണ്ടെടുക്കുമെന്നാണ് ഏകദേശം 60 ശതമാനം യുവ സംരംഭകരും പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, കൊവിഡ് ബാധിച്ചപ്പോള്‍ 2020 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ നിക്ഷേപം 0.33 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2019 മാര്‍ച്ചിനേക്കാള്‍ 81.1 ശതമാനം ഇടിവാണ് സംഭവിച്ചത്. ഫണ്ട് സമാഹരിച്ച സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും പകുതിയായി കുറഞ്ഞ് 69 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നിരുന്നാലും, വര്‍ഷാവസാനത്തോടെ നിക്ഷേപക വികാരം ഉയര്‍ന്നു. ട്രാവല്‍, ടൂറിസം തുടങ്ങിയ വ്യവസായങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടപ്പോള്‍, ആരോഗ്യം, ടെക്, ഫിന്‍ടെക്, എഡ്-ടെക്, ഒടിടി പ്ലാറ്റ്ഫോമുകള്‍ എല്ലാം ഓണ്‍ലൈനില്‍ ആയതിനാല്‍ വലിയ മുന്നേറ്റമുണ്ടായി റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്.