
മുംബൈ: ഡിജിറ്റല്‍ പേമെന്റ്സ് രംഗത്തെ സ്റ്റാര്‍ട്ടപ്പായ കാഷ്ഫ്രീ കമ്പനിയില്‍ നിക്ഷേപം നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ 35.3 ദശലക്ഷം ഡോളര്‍ സീരീസ് ബി ഫണ്ടിങിലൂടെ യുകെയിലെ അപിസ് ഗ്രോത് ഫണ്ട് രണ്ടില്‍ നിന്ന് കാഷ്ഫ്രീ സമാഹരിച്ചിരുന്നു.
കാഷ്ഫ്രീയില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണിതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് സിന്‍ഹ പ്രതികരിച്ചു. വേഗത്തിലും എളുപ്പത്തിലും പേമെന്റ് ഇക്കോസിസ്റ്റത്തെ വളര്‍ത്തിയെടുക്കാനുള്ള തങ്ങളുടെ ശ്രമത്തിന് ലഭിക്കുന്ന പ്രോത്സാഹനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാഷ്ഫ്രീ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. നൈകാ, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ഡെലിവെറി തുടങ്ങിയ കമ്പനികളെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇ-കൊമേഴ്സ് പേമെന്റ് കളക്ഷന്‍, വെന്റര്‍ പേമെന്റ്, മാര്‍ക്കറ്റ്പ്ലേസ് പേമെന്റ് സെറ്റില്‍മെന്റ് എല്ലാം ഇതിലൂടെ നല്‍കുന്നുണ്ട്. മഹാമാരിയുടെ കാലത്ത് യൂസര്‍ ബേസ് ഇരട്ടിയായി വര്‍ധിപ്പിച്ചെന്നതും കാഷ്ഫ്രീയുടെ നേട്ടമാണ്. നിലവില്‍ 20 ലക്ഷത്തോളം ഇടപാടുകളാണ് കാഷ്ഫ്രീ പ്ലാറ്റ്ഫോമില്‍ നടക്കുന്നത്.