
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനം റെക്കോര്‍ഡ് ധനക്കമ്മിയില്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ 4 മാസത്തെ കണക്കെടുപ്പിലാണ് സംസ്ഥാനം 112.9% (10,578 കോടി രൂപ) ധനകമ്മിയിലെന്നു കണ്ടെത്തിയത്. വരവിനെക്കാള്‍ ചെലവു കൂടുന്നതാണു ധനക്കമ്മി. ധനക്കമ്മി 20 ശതമാനത്തില്‍ താഴെ നില്‍ക്കാറാണു പതിവ്.
സംസ്ഥാന ധനസെക്രട്ടറി ആര്‍.കെ. സിങ്ങും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അസോഷ്യേറ്റ് പ്രഫസര്‍ എല്‍. അനിതാകുമാരിയും ചേര്‍ന്നു തയാറാക്കിയ സാമ്പത്തിക അവലോകനത്തില്‍ ജിഎസ്ടി നഷ്ടപരിഹാരം അടക്കമുള്ള സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് അടിയന്തരമായി കിട്ടിയില്ലെങ്കില്‍ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലാകുമെന്നും മുന്നറിയിപ്പു നല്‍കുന്നു.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിലാണ് കോവിഡ് കാരണം ഏറ്റവും വലിയ തിരിച്ചടി: 79.3 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 2803 കോടി പിരിഞ്ഞു കിട്ടിയെങ്കില്‍ ഇക്കുറി അത് 581 കോടിയായി താഴ്ന്നു. കോവിഡ് വ്യാപനം കാരണം ലോട്ടറി വില്‍പന നിര്‍ത്തിവയ്‌ക്കേണ്ടി വന്നതാണ് ഇതിനു കാരണമായി കണക്കാക്കുന്നത്.
റവന്യു വരുമാനത്തില്‍ 15.6% കുറവുണ്ടായി. എന്നാല്‍, നികുതി ഇതര വരുമാനത്തില്‍ കാര്യമായ വര്‍ധന ഉണ്ടായതാണു പ്രതിസന്ധിക്കാലത്തും സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തിയത്. റവന്യു കമ്മി കുറയ്ക്കാന്‍ 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രം നല്‍കിയ ഗ്രാന്റ് ആണ് നികുതി ഇതര വരുമാനം വര്‍ധിക്കാന്‍ മുഖ്യ കാരണം.
റവന്യു കമ്മി 138.9 ശതമാനമാണ്: 9,877 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6383 കോടി അധികം. പ്രതിസന്ധി മൂലം സര്‍ക്കാര്‍ നടത്തിയ കടമെടുപ്പാണ് ഈ വര്‍ധനയ്ക്കു കാരണം. സര്‍ക്കാരിന്റെ ആകെ ബാധ്യതയില്‍ 52% വര്‍ധനയുണ്ടായി. ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷം ആദ്യ 4 മാസം 7342 കോടിയായിരുന്നത് ഇത്തവണ 4779 കോടിയായി താഴ്ന്നു.
എന്നാല്‍, പണമില്ലാത്തതിനാല്‍ മറ്റു പല സംസ്ഥാനങ്ങളും ദൈനംദിന ചെലവുകളും പദ്ധതികള്‍ക്കു വേണ്ടിയുള്ള ചെലവിടലും കുറച്ചപ്പോള്‍ കേരളം നേരേമറിച്ചാണു ചിന്തിച്ചത്. ഒട്ടേറെ ധനസഹായങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതിന്റെ ഫലമായി റവന്യു ചെലവ് 16% വര്‍ധിച്ചു. മൂലധന ചെലവും 21 ശതമാനമായി ഉയര്‍ന്നു. ജനങ്ങള്‍ക്കു നല്‍കുന്ന സബ്‌സിഡിക്കായുള്ള ചെലവില്‍ 36.3% വര്‍ധന.