മരുന്ന് ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത തേടി ഇന്ത്യ; ലഭിച്ചത് നൂറിലേറെ അപേക്ഷകള്‍; പരിസ്ഥിതി അംഗീകാരം നല്‍കാനുള്ള നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനു പിന്നാലെ വിവിധ കമ്പനികള്‍ രംഗത്ത്

April 17, 2020 |
|
News

                  മരുന്ന് ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത തേടി ഇന്ത്യ; ലഭിച്ചത് നൂറിലേറെ അപേക്ഷകള്‍; പരിസ്ഥിതി അംഗീകാരം നല്‍കാനുള്ള നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനു പിന്നാലെ വിവിധ കമ്പനികള്‍ രംഗത്ത്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നു നിര്‍മാണത്തിനായി കമ്പനികളുടെ തള്ളിക്കയറ്റം. ബള്‍ക്ക് ഡ്രഗ് അഥവാ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ് (എപിഐ) നിര്‍മാണത്തിനു പരിസ്ഥിതി അനുമതിക്കായി നൂറിലേറെ കമ്പനികളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. മരുന്നു നിര്‍മാണം വര്‍ധിപ്പിക്കാനായി പരിസ്ഥിതി അംഗീകാരം നല്‍കാനുള്ള നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനു പിന്നാലെയാണ് വിവിധ കമ്പനികള്‍ രംഗത്തെത്തിയത്.

മരുന്നു നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. എപിഐ നിര്‍മാണ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി സംസ്ഥാനങ്ങളില്‍നിന്നു തന്നെ നേടാന്‍ കഴിയുന്ന തരത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്താന്‍ കഴിയാത്തതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പദ്ധതികള്‍ വിലയിരുത്തി അംഗീകാരം നല്‍കാനാണ് പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നൂറിലേറെ അപേക്ഷകളാണു ലഭിച്ചിരിക്കുന്നത്.

മരുന്നു നിര്‍മാണത്തിലെ അനിവാര്യ ഘടകമായ എപിഐ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. കൊറോണ പടര്‍ന്നുപിടിക്കുന്ന ഘട്ടത്തില്‍ മരുന്നുഘടകങ്ങളുടെ ലഭ്യതക്കുറവ് അധികൃതരെ ആശങ്കയിലാക്കിയിരുന്നു. എപിഐ നിര്‍മാണത്തില്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ദേശസുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാണെന്നും സ്വയം പര്യാപ്ത കൈവരിക്കണമെന്നും വര്‍ഷങ്ങള്‍ക്കു മുൻപു തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ബള്‍ക്ക് ഡ്രഗ് നിര്‍മാണ പദ്ധതികളെ എ വിഭാഗത്തില്‍നിന്നു ബി2 വിഭാഗത്തിലേക്കു മാറ്റി മാര്‍ച്ച് 27നാണ് പരിസ്ഥിത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. ബി2 വിഭാഗത്തില്‍ പെടുന്നവയ്ക്ക് അംഗീകാരം നല്‍കും മുന്‍പ് പരിസ്ഥിതി ആഘാത പഠനമോ പൊതുജനാഭിപ്രായം തേടലോ വേണമെന്നില്ല. ചുരങ്ങിയ കാലത്തിനുള്ളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഭേദഗതി വരുത്തുന്നതെന്നാണ് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്.

സെപ്റ്റംബര്‍ 30 വരെ ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഭേദഗതി ബാധകമായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ബള്‍ക്ക് ഡ്രഗ് നിര്‍മിക്കുന്നത് ചൈനയിലാണ്. മലനീകരണ പ്രശ്‌നമാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആദ്യഘട്ടത്തില്‍ പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് അനുവദിച്ച ചൈന കുറച്ചു വര്‍ഷങ്ങള്‍ക്കു മുൻപ് നിലപാട് കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നിരവധി എപിഐ നിര്‍മാണ കമ്പനികളാണ് അടച്ചുപൂട്ടിയത്.

Related Articles

© 2025 Financial Views. All Rights Reserved