
ന്യൂഡല്‍ഹി: കേരളമുള്‍പ്പടെ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍, കൊറോണയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ഇടിവാണ് ഇന്ത്യയില്‍ വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഈ 10 സംസ്ഥാനങ്ങളില്‍ ഉണ്ടായത്. ഇതില്‍ വീണ്ടെടുപ്പ് പ്രകടമാകുമെന്നും സംസ്ഥാനങ്ങളുടെ വരുമാനം 2019-20 സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്നതിന്റെ മുകളില്‍ എത്തുമെന്നും ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്ന നികുതി ലാഭം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നികുതി പിരിവിലെ വര്‍ധന, പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അനുസരിച്ച് ലഭ്യമാകുന്ന ഗ്രാന്റുകളുടെ വര്‍ധന എന്നിവയാണ് 2021-22ല്‍ സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുക. രാജ്യത്തെ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 70% വരുന്ന 10 സംസ്ഥാനങ്ങളുടെ വരുമാനം സംബന്ധിച്ചാണ് ക്രിസില്‍ റേറ്റിംഗ് പഠനം നടത്തിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, കേരളം എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.
സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് വരുന്ന മൊത്തം ചരക്ക് സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച രീതിയില്‍ വീണ്ടെടുത്തു. ഈ പ്രവണത നടപ്പു സാമ്പത്തിക വര്‍ഷത്തിലും തുടരുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ശരാശരി 0.93 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് മൊത്തമായി ഈ ഇനത്തില്‍ ലഭിച്ചത്. മുന്‍ വര്‍ഷം സമാന മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനം വളര്‍ച്ചയാണിത്.