
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന നിര്‍ണായക മരുന്നുകളേയും ഉപകരണങ്ങളേയും ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. റെംഡെസിവിര്‍, ഓക്‌സിജന്‍ സിലിണ്ടറുകളില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇളവ് വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
ഈ ഉത്പന്നങ്ങള്‍ക്ക് നിലവില്‍ 12 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് 2020 ഒക്ടോബര്‍ 12 നായിരുന്നു ജിഎസ്ടി യോഗം ചേര്‍ന്നത്. 2022 ജൂലൈയ്ക്കപ്പുറം നഷ്ടപരിഹാര കാലാവധി നീട്ടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നു. ജിഎസ്ടി റേറ്റ് സ്ലാബുകളുടെ യുക്തിസഹമായ പുനഃക്രമീകരണം, ചില ഇനങ്ങളുടെ വിപരീത തീരുവ തിരുത്തല്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തല്‍ എന്നിവയും പുതിയ യോഗത്തില്‍ ചര്‍ച്ചയായേക്കും.
കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് വര്‍ധനവ് മൂലം മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ഡിമാന്‍ഡാണ് ഉണ്ടായിരിക്കുന്നത്. പലിയിടത്തും ഇടത്തും ഇത് ലഭ്യമല്ലാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിഎസ്ടി ഇളവ് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത് എത്തിയത്. കോവിഡിനെതിരായ പ്രതിരോധ മരുന്നയാ റെംഡെസിവീറിനെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചാ ചെയ്യാന്‍ സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.